സ്ഥല പരിശോധന നടത്തി; നൂറനാട് കേന്ദ്രീയ വിദ്യാലയം
1459905
Wednesday, October 9, 2024 6:41 AM IST
ചാരുംമൂട്: നൂറനാട് ഐടിബിപി ക്യാമ്പിനോടനുബന്ധിച്ച് ആരംഭിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിനുള്ള സ്ഥല പരിശോധന പൂർത്തിയായി. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ സാന്നിധ്യത്തിൽ കേന്ദ്രീയ വിദ്യാലയം ഡെപ്യൂട്ടി കമ്മീഷണർ, സെൻട്രൽ പിഡബ്ല്യുഡി എൻജിനിയർ, റവന്യു ഡിവിഷണൽ ഓഫീസർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
സ്ഥലപരിശോധനയ്ക്കു മുന്നോടിയായി ഐടിബിപി ക്യാമ്പ് ആസ്ഥാനത്ത് നടന്ന അവലോകന യോഗത്തിൽ കേന്ദ്രീയ വിദ്യാലയം സ്പോൺസറിംഗ് ഏജൻസിയുടെ പ്രതിനിധി കൂടിയായ ബറ്റാലിയൻ കമാൻഡൻറ് കേന്ദ്രീയ വിദ്യാലയത്തിനായി നീക്കിവച്ചിട്ടുള്ള ക്യാമ്പ് സ്ഥലത്തെപ്പറ്റിയും സംസ്ഥാന സർക്കാർ പുതുതായി അനുവദിച്ച സ്ഥലത്തെപ്പറ്റിയുമുള്ള വിവരങ്ങൾ വിശദീകരിച്ചു. തുടർന്ന് കേന്ദ്രീയ വിദ്യാലയം ഡെപ്യൂട്ടി കമ്മീഷണർ സ്ഥലം തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളെപ്പറ്റി വിവരങ്ങൾ നൽകി.
സംസ്ഥാന സർക്കാർ കേന്ദ്രീയ വിദ്യാലയത്തിനായി അനുവദിച്ച അധികമായി ആവശ്യമുള്ള 1.73 ഏക്കർ സ്ഥലം സന്ദർശിച്ച സംഘം പ്രസ്തുത സ്ഥലത്തെ പറ്റി ആശങ്ക അറിയിക്കുകയും ചെയ്തു. നിലവിലുള്ള കേന്ദ്രീയ വിദ്യാലയത്തിന്റെ മാനദണ്ഡ പ്രകാരവും സെൻട്രൽ പിഡബ്ല്യുഡിയുടെ മാനുവൽ പ്രകാരവും സംസ്ഥാന സർക്കാർ അനുവദിച്ച സ്ഥലം അനുയോജ്യമല്ലെന്ന് അറിയിക്കുകയും ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ, നിലവിലുള്ള ഐടിബിപി ക്യാമ്പിന്റെ ഭാഗമായി കേന്ദ്രീയ വിദ്യാലയത്തിന് ആകെ ആവശ്യമുള്ള അഞ്ച് ഏക്കർ സ്ഥലത്തിൽ നിലവിൽ മാറ്റിവെച്ചിട്ടുള്ള 3.27 ഏക്കർ സ്ഥലത്തിന്റെ അനുയോജ്യതയിൽ സംഘം പൂർണ തൃപ്തി രേഖപ്പെടുത്തിയതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
സംസ്ഥാന സർക്കാർ നിലവിൽ അനുവദിച്ചിരിക്കുന്ന അധിക ഭൂമി അനുയോജ്യമല്ലാത്തതിനാൽ സാനിറ്റോറിയം വളപ്പിൽ തന്നെ സംസ്ഥാന സർക്കാരിനോട് അനുയോജ്യമായ മറ്റൊരു സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിക്കുമെന്ന് എംപി അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തു നൽകുമെന്നും സംസ്ഥാന സർക്കാരിൽനിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.