കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ; രണ്ടുപേരെ പോലീസ് ചോദ്യം ചെയ്തു
1459901
Wednesday, October 9, 2024 6:41 AM IST
കറ്റാനം: യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര തെക്കേക്കര വാത്തികുളം അരുണാലയത്തിൽ പരേതനായ രാമചന്ദ്രൻ ഉണ്ണിത്താന്റെയും മാലതി കുഞ്ഞമ്മയുടെയും മകൻ അരുണിനെ (48) ആണ് കറ്റാനം ഭരണിക്കാവ് പള്ളിക്കൽ കളരിക്കൽ ജംഗ്ഷനിൽ ഇന്നലെ രാവിലെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാറിന്റെ പിൻസീറ്റിലായിരുന്നു മൃതദേഹം കണ്ടത്.
അരുൺകുമാർ കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. അരുൺ കുമാർ കൂടാതെ മറ്റ് രണ്ടു സുഹൃത്തുക്കൾ കൂടി കാറിൽ ഉണ്ടായിരുന്നതായും ഇവർ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നതായും പോലിസ് കണ്ടെത്തി.
സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തു. സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. വിശദമായ ചോദ്യം ചെയ്യലിന് സുഹൃത്തുക്കളോട് ഇന്ന് പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് കുറത്തികാട് പോലീസ് അറിയിച്ചിട്ടുണ്ട്.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ആലപ്പുഴയിൽ നിന്നു ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പിരിശോധന നടത്തി. കുറത്തികാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അവിവാഹിതനാണ്. സഹോദരിമാർ: ശ്രീലത, മായ.