യാത്രയ്ക്കിടയിൽ ടേക്ക് എ ബ്രേക്ക്; പഞ്ചായത്തിന്റെ ആശയം ഫയലിൽ
1459637
Tuesday, October 8, 2024 6:15 AM IST
തുറവൂർ: ജില്ലയുടെ വടക്കൻ മേഖലയിൽ ദേശീയപാതയിൽ വരുന്ന പ്രധാന ജംഗ്ഷനാണ് തുറവൂർ ജംഗ്ഷൻ. ചേർത്തലയ്ക്കും അരൂരിനുമിടയിൽ പ്രധാന ജംഗ്ഷൻ. ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി സമീപ വില്ലേജുകളിൽനിന്ന് ദിനംപ്രതി എത്തുന്നു. താലൂക്ക് ആസ്ഥാനം ചേർത്തലയെന്നതിനാൽ അവിടെ പ്രധാന ഓഫീസുകൾ കേന്ദ്രീകരിച്ചിരിക്കുന്നു.
എല്ലാ കാര്യങ്ങൾക്കും ചേർത്തലയെ ആശ്രയിക്കേണ്ടി വരുന്നതുമൂലം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ തുറവൂരിൽ ഒരു മിനി സിവിൽ സ്റ്റേഷൻ വേണമെന്നുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, അതിന് സഹായകമായ നീക്കങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലായെന്നത് ജനങ്ങളുടെ പരാതിയാണ്.
പൊതുജനങ്ങളുടെ ആവശ്യം മുൻനിർത്തി പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉയർന്നുവന്ന ആശയമാണ് ടേക്ക് എ ബ്രേക്ക്. ദേശീയപാതയിൽ ചേർത്തല സ്റ്റാൻഡിൽ കയറാതെ പോകുന്ന കെഎസ്ആർടിസി ബസുകളും മറ്റ് ദീർഘദൂര ബസുകളും തുറവൂർ വഴിയാണ് കടന്നുപോകുന്നത്. തുറവൂർ ജംഗ്ഷനിൽ യാത്രക്കാർക്കായി ബസ് നിർത്തി ആവശ്യക്കാർക്ക് ടോയ്ലറ്റ് സംവിധാനം പ്രയോജനപ്പെടുത്തത്തക്ക രീതിയിൽ ഒരു ടേക്ക് എ ബ്രേക്ക് സ്പോട്ടാണ് പഞ്ചായത്ത് പദ്ധതിയിട്ടത്.
യാത്രക്കാർക്ക് മാത്രമല്ല പൊതുജനങ്ങൾക്ക് പ്രത്യേകിച്ച് വനിതകൾ ക്ക് യാത്രാമധ്യേ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഈ ആശയം. തുറവൂർ വില്ലേജ് ഓഫീസിനു സമീപം പൊതുമരാമത്തുവകുപ്പ് വക പുറമ്പോക്ക് സ്ഥലം ഉപയോഗശൂന്യമായി കിടക്കുന്നത് ഈ ആവശ്യത്തിന് വിട്ടുകിട്ടിയെങ്കിലും ശൗചാലയവും അനുബന്ധസൗകര്യങ്ങളും പണിയുന്നതിന് തടസമായി ചില നിയമക്കുരുക്കുകൾ ഉണ്ടായതായാണ് അറിയുന്നത്.
തുറവൂർ പഞ്ചായത്ത് തയാറാക്കിയ പദ്ധതി കടലാസിൽ ഒതുങ്ങാൻ കാരണം സ്വകാര്യവ്യക്തി കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതാണ്.