വീട്ടമ്മയുടെ മാല കവര്‍ന്ന പ്രതി പോലീസ് പിടിയില്‍
1459629
Tuesday, October 8, 2024 6:15 AM IST
തലവടി: ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന പ്രതി ഒരു മാസത്തിനുശേഷം പോലീസിന്റെ പിടിയില്‍. തലവടി കൊച്ചമ്മനം തട്ടങ്ങാട്ട് വീട്ടില്‍ ടി.ടി. സജികുമാര്‍ (52) ആണ് പിടിയിലായത്. ഒരുമാസത്തിനു മുന്‍പ് വഴിയാത്രക്കാരിയായ തലവടി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുഷ്പമംഗലം വീട്ടില്‍ അംബുജാക്ഷിയമ്മയുടെ നാലു പവന്റെ മാല മോഷ്ടിച്ചാണ് പ്രതി കടന്നത്. മോഷണ ശേഷം ഇയാള്‍ ഇതരസംസ്ഥാനത്തേക്കു കടന്നിരുന്നു.
സിസി ടിവി ദൃശ്യം പരിശോധിച്ചും ആലപ്പുഴ സൈബര്‍ സംഘത്തിന്റെ സഹായത്തിലും പ്രതിയെ അന്വേഷിച്ചുവരികയായിരുന്നു. പ്രതിയെക്കുറിച്ച് ആദ്യസൂചന പോലീസിന് ലഭിച്ചെങ്കിലും ഇയാളുടെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇതരസംസ്ഥാനത്തായാണ് കണ്ടെത്തിയത്.
മോഷണശ്രമത്തില്‍ പിടിവലിക്കിടയില്‍ അംബുജാക്ഷിയമ്മയ്ക്ക് ബോധം നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമീപ വാസികള്‍ ആറ്റില്‍ തുണി അലക്കാന്‍ എത്തിയപ്പോഴാണ് അംബുജാക്ഷിയമ്മയെ ബോധരഹിതയായ നിലയില്‍ കണ്ടെത്തിയത്. പിന്നിട് അംബുജാക്ഷിയമ്മ നിരവധി ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടിവന്നു.
പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ജില്ലാ പോലീസ് സൂപ്രണ്ട് മോഹനചന്ദ്രന്, അമ്പലപ്പുഴ ഡിവൈഎസ്പി കെ.എന്‍. രാജേഷ്, എടത്വ എസ്ഐ എന്‍. രാജേഷ്, എഎസ്ഐ പ്രതീപ് കുമാര്‍, സിപിഒമാരായ അജിത്ത് കുമാര്‍, വൈശാഖ്, ജസ്റ്റിന്, രാജന്, സ്പെഷല്‍ സ്ക്വോഡ് ഉദ്യോഗസ്ഥരായ സിദ്ദിഖ്, ഹരികൃഷ്ണന്, ബിനില്‍, ശരത്ത് എന്നിവര്‍ അന്വേഷണത്തിനു നേതൃത്വം നല്കി.