ബംഗളൂരുവില്‍ നഴ്സിംഗ് വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം : പ്രതികളെ ഉടൻ പിടികൂടണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി
1459409
Monday, October 7, 2024 4:05 AM IST
മാങ്കാംകുഴി: ബംഗളൂരുവിലെ സുശ്രുതി നഴ്സിംഗ് കോളജിലെ ഒന്നാം വര്‍ഷ മലയാളി നഴ്സിംഗ് വിദ്യാര്‍ഥിയായ മാവേലിക്കര മാങ്കാംകുഴി പുത്തന്‍പുരയില്‍ ഷിജിയുടെ മകന് എസ്. ആദിലിനെ (19) നഴ്സിംഗ് കോളജ് ഏജന്റുമാര്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു.
ക്രൂരമര്‍ദനത്തിനിരയായ വിദ്യാര്‍ഥിയുടെ അനുഭവങ്ങള്‍ എംപി കര്‍ണാടക ആഭ്യന്തര മന്ത്രിയോട് വിശദീകരിച്ചു . പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതായി കൊടിക്കുന്നില്‍ സുരേഷ്.
കഴിഞ്ഞ ദിവസമാണ് നഴ്സിംഗ് വിദ്യാര്‍ഥി ആദിലിന് മര്‍ദനമേറ്റത്. നഴ്സിംഗ് കോളജിന്റെ ഏജന്റുമാരായ റാന്നി സ്വദേശി റെജി ഇമ്മാനുവല്‍, നിലമ്പൂര്‍ സ്വദേശി അര്ജുന് പുതുപ്പറമ്പില്‍ എന്നിവരും മറ്റൊരു ഉത്തരേന്ത്യക്കാരനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായാണ് ആദിലിന്റെ പരാതി. രക്ഷപ്പെട്ടെത്തിയ വിദ്യാര്‍ഥിയെ ശനിയാഴ്ച ബന്ധുക്കള്‍ ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയും ബന്ധുക്കള്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ടു പരാതി നല്‍കുകയും ചെയ്തിരുന്നു.
കുറത്തികാട് പോലീസ് ആദിലിന്റെ മൊഴിയെടുത്തു
മാങ്കാംകുഴി: ബംഗളൂരുവില്‍ ക്രൂരമായി മര്‍ദനമേറ്റ ഒന്നാം വര്‍ഷ മലയാളി നഴ്സിംഗ് വിദ്യാര്‍ഥി ആദിലിന്റെ മാങ്കാംകുഴിയിലെ വീട്ടിലെത്തി കുറത്തികാട് പോലീസ് മൊഴിയെടുത്തു.
ജില്ലാ പോലീസ് മേധാവി എം.പി. മോഹന ചന്ദ്രന് ആദിലിന്റെ പിതാവ് ഷിജി നല്കിയ പരാതിയെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ. ബിനുകുമാറിനോടു പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്നാണ് ഇന്നലെ ഉച്ചകഴിഞ്ഞ് കുറത്തികാട് പോലീസ് വീട്ടിലെത്തി ആദിലിന്റെയും ബന്ധുക്കളുടെയും മൊഴിയെടുത്തത്.