ആസാമില്‍ നദിയില്‍ വീണ വിന്‍സെന്റിനായി തെരച്ചില്‍ ഊര്‍ജിതം
1459406
Monday, October 7, 2024 4:05 AM IST
ആലപ്പുഴ: ആസാമിലെ ഗുവാഹത്തിയില്‍ ജങ്കാറില്‍നിന്ന് നദിയില്‍ വീണ് കാണാതായ ആര്യാട് സ്വദേശി വെളിയില്‍ വിന്‍സെന്റിനെ (സോണി) കണ്ടെത്താന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ എംപി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയ്ക്ക് കത്തു നല്കി.
ഗുവാഹത്തി സിറ്റി പോലീസ് കമ്മീഷണര്‍ ദിഗന്ത് ബോറയുമായ് എംപി ചര്‍ച്ച നടത്തി. അന്വേഷണം ദ്രുതഗതിയില്‍ നടക്കുകയാണെന്നും എത്രയും പെട്ടെന്ന് വിന്‍സെന്റിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണന്നും സിറ്റി പോലീസ് കമ്മീഷണര്‍ എംപിയെ അറിയിച്ചു.
ശനിയാഴ്ച പകല്‍ മൂന്നോടെയാണ് സംഭവം. കരാറുകാരന് മുഖേന മലയാളികളായ മൂന്നു പേരോടൊപ്പമാണ് വിന്‍സന്റ് ആസാമിലേക്കു ജോലിക്കു പോയത്. മരപ്പണിക്കാരനായ വിന്‍സന്റ് ബോട്ടുനിര്‍മാണ ജോലിക്കായാണ് ഇവിടെയെത്തിയത്.
ആസാമിലെ റെയില്‍വേ സ്റ്റേഷനിലെത്തിയ വിന്‍സന്റ് ജോലി സ്ഥലത്തേക്കു പോകുമ്പോള്‍ നദിയില്‍ വീണെന്നാണ് കൂടെയുള്ളവര്‍ വീട്ടുകാരെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് കെ.സി. വേണുഗോപാലിന്റെ ഇടപെടല്‍.