പൂന്തോപ്പ് വാര്‍ഡില്‍ ജനകീയ ആരോഗ്യകേന്ദ്രം തുറന്നു
1459214
Sunday, October 6, 2024 3:22 AM IST
ആലപ്പുഴ: നഗരസഭ പൂന്തോപ്പ് വാര്‍ഡില്‍ ആധുനിക സൗകര്യങ്ങളോടെ നഗരപ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു.
നഗരത്തില്‍ ആറാമത്തെ ജനകീയ ആരോഗ്യ കേന്ദ്രമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പ്രാഥമിക ചികിത്സയ്ക്കും രോഗ പ്രതിരോധത്തിനും അടിസ്ഥാന ആരോഗ്യസംരക്ഷണത്തിനും നഗരത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി പൂന്തോപ്പ് എസ്എന്‍ജിഎസ് പ്രാര്‍ഥനാ സമിതിക്കു സമീപം പ്രവര്‍ത്തനം ആരംഭിച്ച നഗര ജനകീയ ആരോഗ്യകേന്ദ്രം ആലപ്പുഴ എംപി കെ.സി. വേണുഗോപാല്‍ നാടിനു തുറന്നുകൊടുത്തു. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു.
ജനറല്‍ ഒപി, ലബോറട്ടറി, ജീവിതശൈലീ രോഗനിര്‍ണയം, ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യ പരിചരണം, എന്നീ ക്ലിനിക്കല്‍ സേവനങ്ങള്‍ കൂടാതെ രോഗവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്പെഷലൈസ്ഡ് ഡോക്ടറുമായി ടെലീ കമ്യുണിക്കേഷന്‍ സൗകര്യം,
ഗുരുതര രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടുപിടിച്ച് തുടര്‍ ചികിത്സാ നിര്‍ദേശങ്ങളും റഫറല്‍ സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഗര്‍ഭകാല പരിചരണം സുഗമമായി നടപ്പാക്കാന്‍ ഗവണ്മെന്റ് ആവിഷ്കരിച്ചിട്ടുള്ള വിവിധ സേവനങ്ങള്‍ ആരോഗ്യകേന്ദ്രങ്ങളിലൂടെ ലഭ്യമാക്കും.