ഫാ. ഗ്രിഗറി ഓണംകുളത്തിന് അന്ത്യാഞ്ജലി
1459204
Sunday, October 6, 2024 3:16 AM IST
അതിരമ്പുഴ: അനേകരുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന പ്രിയ വൈദികന് വിശ്വാസി സമൂഹവും മാതൃ ഇടവകയും വിടചൊല്ലി. വ്യാഴാഴ്ച അന്തരിച്ച ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്ക റെക്ടർ ഫാ. ഗ്രിഗറി ഓണംകുളത്തിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നടത്തി.
ഭവനത്തിലും പള്ളിയിലുമായി നടത്തിയ സംസ്കാര ശുശ്രൂഷകളിൽ ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, നിയുക്ത ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, ഷംഷാബാദ് രൂപതാ സഹായ മെത്രാൻ മാർ തോമസ് പാടിയത്ത്, ആർച്ച് ബിഷപ് മാർ ജോർജ് കോച്ചേരി, ആർച്ച് ബിഷപ് മാർ ജോർജ് വലിയമറ്റം, ഫാ. നോബിൾ ഓണംകുളം എന്നിവർ കാർമികത്വം വഹിച്ചു.
ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം അനേകം വാഹനങ്ങളുടെ അകമ്പടിയോടെ ഭൗതികദേഹം സെന്റ് മേരീസ് ഫൊറോനാ പള്ളിയിലേക്ക് സംവഹിച്ചു. പള്ളിയിൽ മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഘട്ടത്തിനു ശേഷം വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് വലിയപള്ളി ചുറ്റിയ വിലാപയാത്രയിൽ പൊന്നിൻ കുരിശുകളും മുത്തുക്കുടകളും വഹിച്ച് വൈദികരും സന്യസ്തരുമടക്കം വിശ്വാസികൾ ഒന്നടങ്കം പങ്കുചേർന്നു.
തുടർന്ന് വൈദികർക്കു വേണ്ടിയുള്ള സെമിത്തേരി ചാപ്പലിൽ നടന്ന അവസാന ഘട്ട ശുശ്രൂഷകൾക്കുശേഷം മൃതദേഹം സംസ്കരിച്ചു. ഫാ. ഗ്രിഗറി ഓണംകുളം സേവനം ചെയ്ത ചങ്ങനാശേരി കത്തീഡ്രൽ, പറാൽ, മാടപ്പള്ളി, തുരുത്തി, ചമ്പക്കുളം പള്ളികളിൽ നിന്നടക്കം നൂറുകണക്കിന് വിശ്വാസികളും സന്യസ്തരും വൈദികരും സംസ്കാര ശുശ്രൂഷകളിലും വിലാപയാത്രയിലും പങ്കെടുത്തു.
റോമിൽ സിനഡിൽ സംബന്ധിച്ചുകൊണ്ടിരിക്കുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അനുശോചന സന്ദേശം അതിരൂപതാ ചാൻസലർ റവ.ഡോ. ഐസക് ആലഞ്ചേരി വായിച്ചു. ഭവനത്തിലെ ശുശ്രൂഷാമധ്യേ കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി ആർച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം അനുശോചന സന്ദേശം നൽകി. കുടുംബാംഗങ്ങൾക്കു വേണ്ടി ഫാ. നോബിൾ ഓണംകുളം നന്ദിപ്രകാശനം നടത്തി. അതിരമ്പുഴ പള്ളി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ സംസ്കാരശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
സീറോ മലബാർ സഭയുടെ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, വിജയപുരം രൂപതാ മെത്രാൻ ബിഷപ് സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ എന്നിവർ ഭവനത്തിലെത്തി പ്രാർഥിച്ചു.
വിവിധ രൂപതകളിലെ വികാരി ജനറാൾമാർ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട്, ആരാധനാ സന്യാസിനീ സഭയുടെ സുപ്പീരിയർ ജനറൽ മദർ റോസിലി ഒഴുകയിൽ, പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലില്ലി റോസ്, വിവിധ സന്യാസിനീ സഭകളുടെ പ്രൊവിൻഷ്യൽമാർ, വിവിധ രൂപതകളിൽ നിന്നുള്ള വൈദികർ തുടങ്ങിയവർ പങ്കെടുത്തു.
മന്ത്രി വി.എൻ. വാസവൻ, ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, തോമസ് കെ. തോമസ് എംഎൽഎ, ജോബ് മൈക്കിൾ എംഎൽഎ, തോമസ് ചാഴികാടൻ, കെപിസിസി സെക്രട്ടറി വി.ടി. ബൽറാം, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാൻ എത്തി.