മാവേലിക്കര: പുതിയകാവ് -കല്ലുമല റോഡില്‍ പുതിയകാവ് ജംഗ്ഷന് തെക്ക് ഭാഗത്തെ കുരിശടിക്കു സമീപം കാര്‍ സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. കല്ലുമല ഉമ്പര്‍നാട് കൊച്ചുപറമ്പില്‍ ബിനു (38) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ഭാര്യ ജിഷ (36) ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വ്യാഴം രാവിലെ 8.10 നാണ് അപകടം. പുതിയകാവില്‍നിന്നു കല്ലുമല ഭാഗത്തേക്ക് വന്ന ഫോര്‍ച്ച്യൂണര്‍ കാര്‍ സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
കാര്‍ സമീപത്തെ മതിലും തകര്‍ത്തിട്ടുണ്ട്. അറുന്നൂറ്റിമംഗലം സ്വദേശിനിയാണ് കാര്‍ ഓടിച്ചിരുന്നത്. കായംകുളം കാക്കനാട്ടുള്ള സ്വകാര്യ ക്ലിനിക്കില്‍ നഴ്സായ ജിഷയെ ജോലിക്ക് പോകാന്‍ ബസ് കയറ്റിവിടാന്‍ ബിനു സ്കൂട്ടറില്‍ മാവേലിക്കരയിലേക്ക് കൊണ്ടുപോകും വഴിയാണ് ദുരന്തം. കല്ലുമല റെയില്‍വേ ക്രോസ് അടഞ്ഞുകിടന്നതു കാരണം പുതിയകാവ് വഴി വരികയായിരുന്നു. ഇരുവരെയും മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി ബിനു മരിച്ചു. സംസ്കാരം പിന്നീട്. ഇലക്ട്രിക്കല്‍ പ്ലമ്പിംഗ് ജോലിക്കാരനാണ് ബിനു. മക്കള്‍: ബൊഹാന്‍, ബോഹസ്.