പുന്നമട-നെഹ്റു ട്രോഫി പാലം നിർമാണം ഉദ്ഘാടനം ഇന്ന്
1454486
Thursday, September 19, 2024 11:31 PM IST
ആലപ്പുഴ: ആലപ്പുഴ നിയോജക മണ്ഡലത്തിലെ പുന്നമടയാറിന്റെ കരയിൽ താമസിക്കുന്ന നെഹ്റുട്രോഫി വാർഡിലുള്ളവർക്കും കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത് നിവാസികൾക്കും സ്വപ്ന സാഫല്യമായി പുന്നമട-നെഹ്റു ട്രോഫി പാലം നിർമാണത്തിന് ഇന്നു തുടക്കമാകുന്നു.
വൈകുന്നേരം അഞ്ചിന് പുന്നമട ജെട്ടിക്കു സമീപം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. പി.പി. ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.സി.വേണുഗോപാൽ എംപി മുഖ്യാതിഥിയാകും. നഗരസഭാ ചെയർപേഴ്സൺ കെ.കെ. ജയമ്മ സ്വാഗതം പറയും. ജില്ലാ കളക്ടർ അലക്സ് വർഗീസ്, ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ, കിഫ്ബി പ്രോജക്ട് ഡയറക്ടർ എം. അശോക് കുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
നഗരത്തിൽനിന്നു ഒറ്റപ്പെട്ട് നിൽക്കുന്ന നെഹ്റു ട്രോഫി മുനിസിപ്പൽ വാർഡ് നിവാസികളുടെയും കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത് പ്രദേശവാസികളുടെയും യാത്ര ദുരിതം ഇല്ലാതാക്കുവാനും ഈ പ്രദേശങ്ങളിലെ ടൂറിസം വികസനവും പദ്ധതി ലക്ഷ്യമിടുന്നു. തണ്ണീർമുക്കം ആലപ്പുഴ റോഡിൽനിന്ന് ആലപ്പുഴ ടൗണിൽ കയറാതെ എസി റോഡിൽ എത്താനും ആലപ്പുഴ ടൗണിലെ ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിനും വിഭാവനം ചെയ്തിരിക്കുന്ന പള്ളാത്തുരുത്തി കിഴക്കൻ ബൈപ്പാസിന്റെ അലൈൻമെന്റിൽ ഉൾപ്പെടുന്നതാണ് പുന്നമടപാലം.
പുന്നമടയിലെ ഹൗസ് ബോട്ട് ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ ജലപാതയ്ക്കു തടസം വരാത്ത രീതിയിൽ ഇൻ ലാൻഡ് വാട്ടർവേസ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾ പാലിച്ചാണ് പാലത്തിന്റെ ഡിസൈൻ തയാറാക്കിയിട്ടുള്ളത്.