ജനശതാബ്ദി ട്രെയിന് പുതിയ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ചു: കൊടിക്കുന്നിൽ
1454198
Wednesday, September 18, 2024 11:37 PM IST
മാവേലിക്കര: തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്, എറണാകുളം -ബംഗളൂരു എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് പുതിയ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി. കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ കമ്പാർട്ട്മെന്റുകളുടെ ശോചനീയാവസ്ഥയെപ്പറ്റി കേന്ദ്ര റെയിൽവേ മന്ത്രിയെ കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിനിടയിൽ നേരിട്ട് സന്ദർശിച്ച് ബോധ്യപ്പെടുത്തിയിരുന്നു. ഏറ്റവും അധികം ജനങ്ങൾ ആവശ്യപ്പെട്ട തിരുവനന്തപുരം -കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന്റെ കോച്ചുകൾ മാറ്റുക എന്നതായിരുന്നു പ്രഥമ പരിഗണന. അതോടൊപ്പം കേരളത്തിൽനിന്ന് പകൽ സമയത്ത് ബംഗളൂരുവിലേക്ക് പോകുന്ന എറണാകുളം - ബംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ കോച്ചുകളും ആധുനികവത്കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അന്നുതന്നെ റെയിൽവേ മന്ത്രി ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചിരുന്നതായും കൊടിക്കുന്നിൽ പറഞ്ഞു. തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന്റെ കോച്ചുകൾ 29 മുതൽ എൽഎച്ച്ബി കോച്ചുകളായി മാറുമെന്നും തുടർന്ന് എറണാകുളം-ബംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന്റെയും കോച്ചുകളും എൽഎച്ച്ബി കോച്ചുകളായി മാറ്റുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചതായും മറ്റു ചില ട്രെയിനുകളുടെ കോച്ചുകൾകൂടി എൽഎച്ച്ബി ശ്രേണിയിലേക്ക് മാറ്റണമെന്നുള്ള ആവശ്യം മുന്നോട്ടു വച്ചിട്ടുണ്ടെന്നും എംപി അറിയിച്ചു.