ചെട്ടികുളങ്ങര ഉപദേശകസമിതി രൂപീകരണം ; നാമജപ പ്രതിഷേധം മാറ്റിവച്ചു
1453933
Tuesday, September 17, 2024 11:28 PM IST
മാവേലിക്കര: ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ കേരള ഹൈക്കോടതിയുടെ നിർദേശപ്രകാരം ഉപദേശകസമിതി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലെ 13 കരകളിലെയും 18 വയസ് പൂർത്തീകരിച്ച മുഴുവൻ ഹിന്ദുമത വിശ്വാസികൾക്കും അംഗത്വം നൽകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു.
എന്നാൽ, നിലവിൽ പ്രസിദ്ധീകരിച്ച അഞ്ചു കരകളിലെ എലുകയെ സംബന്ധിച്ച് പരാതി ഉയർന്നതിനെത്തുടർന്ന് 18 മുതൽ നിശ്ചയിച്ചിരുന്ന അംഗത്വ വിതരണം രണ്ടാഴ്ചത്തേക്കുകൂടി മാറ്റിവച്ചിരിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
പുതുക്കിയ അംഗത്വ വിതരണ തീയതികൾ പിന്നാലെ അറിയിക്കുന്നതാണെന്നും അറിയിച്ചു. പിന്നാലെ ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ഉപദേശക സമിതി രൂപികരണത്തിനെതിരേ നടത്താനിരുന്ന നാമജപ പ്രതിഷേധം മാറ്റിവച്ചു.
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ഉപദേശകസമിതി രൂപികരണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ്, ക്ഷേത്രതന്ത്രി, ക്ഷേത്രവകാശികളായ പതിമൂന്ന് കരകളുടെ പ്രതിനിധികളുമായി ഇന്നു നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ഉപദേശകസമിതി രൂപികരണത്തിന്റെ ഭാഗമായ മെമംബർഷിപ്പ് വിതരണം ഉൾപ്പെടെ എല്ലാ കാര്യങ്ങളും അനിശ്ചിതമായി മാറ്റിവച്ചതായി ദേവസ്വം അധികാരികൾ അറിയിച്ചതനുസരിച്ചാണ് നാളെ മുതൽ നടത്താനിരുന്ന നാമജപയജ്ഞം തൽക്കാലത്തേക്ക് നിർത്തിവച്ചതെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.