കാവാലം സ്റ്റേബസ് സർവീസുകൾ പുനരാംരഭിക്കുന്നു
1453926
Tuesday, September 17, 2024 11:28 PM IST
മങ്കൊമ്പ്: കോവിഡ് സാഹചര്യങ്ങളെത്തുടർന്നു നിലച്ചുപോയ കാവാലത്തുനിന്നു കോട്ടയത്തിനും ചങ്ങനാശേരിക്കുമുള്ള കെഎസ്ആർടിസി സ്റ്റേ സർവീസുകൾ ഇന്നുമുതൽ പുനരാരംഭിക്കുന്നു. കാവാലം ബസ് സ്റ്റാൻ ഡിൽനിന്നു പുറപ്പെട്ടിരുന്ന കോട്ടയം മെഡിക്കൽ കോളജ്, റയിൽവേ സ്റ്റേഷൻ വഴിയുള്ള ചങ്ങനാശേരി സർവീസുകളാണ് പുനരാരംഭിക്കുന്നത്.
ചങ്ങനാശേരിക്കു പുലർച്ചെ 5.10നും കോട്ടയത്തിനുള്ള ബസ് 5.30 നുമാണ് സർവീസ് നടത്തുന്നത്. നേരത്തെ പുലർച്ചെ 5.10 മുതൽ കോട്ടയത്തിനും ചങ്ങനാശേരിക്കുമായി രണ്ടുവീതം സ്റ്റേ സർവീസുകളാണുണ്ടായിരുന്നത്. ഏറെ ലാഭകരമായിരുന്ന സർവീസുകൾ കോവിഡ് സാഹചര്യങ്ങളെത്തുടർന്നാണ് നിലച്ചത്.
എന്നാൽ, നിയന്ത്രണങ്ങൾ നീങ്ങിയിട്ടും സർവീസുകൾ പുനരാരംഭിച്ചില്ല. സർവീസുകൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് മാധ്യമവാർത്തകളും ഗതാഗതമന്ത്രിക്കടക്കം നിരവധി പരാതികളും നൽകിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. എന്നാൽ, കെ.ബി. ഗണേഷ്കുമാർ ചുമതലയേറ്റതിനെത്തുടർന്ന് ജനകീയ പ്രതിരോധസമിതിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് അനുകൂല നടപടിയായത്. എന്നാൽ, ജീവനക്കാർക്ക് രാത്രി താമസത്തിനുള്ള സൗകര്യമില്ലാതിരുന്നതിനെത്തുടർന്ന് നടപടികൾ വീണ്ടും വൈകി.
ഒടുവിൽ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നേരത്തെയുണ്ടായിരുന്ന കെട്ടിടം വൃത്തിയാക്കി, ജീവനക്കാർക്കുള്ള കിടക്കകളടക്കമുള്ള സൗകര്യങ്ങളൊരുക്കിയതോടെയാണ് സർവീസ് ആരംഭിക്കാൻ വഴി തെളിഞ്ഞത്. സ്റ്റേ റൂമിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ജോഷിയും സർവീസിന്റെ റെഡ് ഫ്ളാഗ് ഓഫ് കർമം കോട്ടയം ആർടിഒ പി. അനിൽകുമാറും നിർവഹിക്കും.
പ്രതിരോധ സമിതി താലൂക്ക് പ്രസിഡന്റ് ലാലിച്ചൻ പള്ളിവാതുക്കൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി എസ്. സീതി ലാൽ മുഖ്യപ്രഭാഷണം നടത്തും. കാവാലം സെന്റ് തെരേസാസ് പള്ളി വികാരി ഫാ. ജോസഫ് പുതുവീട്ടിൽ, എൻഎസ്എസ് പ്രതിനിധി പി. ഉദയകുമാർ തുടങ്ങിയവർ പ്രസംഗിക്കും. എന്നാൽ, സ്റ്റേ സർവീസിനൊപ്പം കാവാലം-തട്ടാശേരി കടവിലെ ജങ്കാർ, കടത്തുവള്ളങ്ങളുടെ സമയവും നീട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.