മദ്യ-ലഹരിമരുന്ന് ഉപയോഗവും വില്പനയുമെന്നു പരാതി
1453668
Tuesday, September 17, 2024 12:07 AM IST
ആലപ്പുഴ: ഓണത്തിന്റെ ആഘോഷങ്ങൾ നടക്കുന്നതിനിടയിൽ ബീച്ചും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് മാഫിയകളുടെ പ്രവർത്തനം നടക്കുന്നതായി പരാതി. ബീച്ചിലെ വിജയ പാർക്കിനു പിറകുവശത്തെ പാറക്കൂട്ടങ്ങൾക്കിടയിലും കാറ്റാടി ഭാഗം, അയ്യപ്പൻപ്പൻപൊഴി എന്നിവിടങ്ങളും കേന്ദ്രീകരിച്ചാണ് ലഹരിമരുന്ന് ഉപയോഗവും വിപണനവും നടക്കുന്നത്.
മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും ഉപയോഗവും വില്പനയും തടയുന്നതിനായി എക്സൈസ് ഡപ്യൂട്ടി കമ്മീഷണറുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം നടന്ന ജനകീയ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച് പരാതിയുയർന്നത്. നഗരത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, മാതാ ജെട്ടി, ബോട്ട് ജെട്ടിയിലെ ഉപയോഗ ശൂന്യമായ ശുചിമുറികൾ, കൊമ്മാടി ബൈപാസ്, ആലിശേരി ലോറി സ്റ്റാൻഡ്, വണ്ടാനം മെഡിക്കൽ കോളജ് പരിസരം, വലിയ ചുടുകാട്ടിലെ ഉപയോഗ ശൂന്യമായ ദഹനപ്പുര എന്നിവിടങ്ങളിലും പരിശോധനകൾ ശക്തമാക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
പെരുമ്പളം ദ്വീപിന്റെ ചില ഭാഗങ്ങളിലും കുട്ടനാട്ടിലെ വാഹനം കടന്നുചെല്ലാൻ കഴിയാത്ത വെള്ളത്താൽ ചുറ്റപ്പപ്പെട്ട ചില പ്രദേശങ്ങളിലും ഇപ്പോഴും ചാരായം വാറ്റ് തകൃതിയായി നടക്കുന്നുണ്ട്.
പോലീസും എക്സൈസും പരിശോധനകൾക്കായി ഇവിടെ എത്തുമ്പോഴേക്കും ഇവർക്ക് വിവരം ലഭിക്കുകയും രക്ഷപ്പെടുകയും ചെയ്യും. കൊല്ലകടവ് പരിസരങ്ങളിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പനയുണ്ട്. ചിറ്റൂരിൽ നിന്നെത്തുന്ന കള്ളിൽ മായം കലർത്തി വിൽപന നടക്കുന്നത് പരിശോധിക്കണമെന്നും വിദ്യാർഥികളിലും യുവാക്കളിലും രാസലഹരിയുടെ ഉപയോഗം വർധിച്ചു വരുന്നവരുന്നതായും യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും ചൂണ്ടിക്കാട്ടി.