കലയുടെ കൊലപാതകം: പ്രതികൾക്ക് ജാമ്യം
1453664
Tuesday, September 17, 2024 12:07 AM IST
മാന്നാർ: മാന്നാറിലെ കല കൊലപാതകത്തിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മൂന്നു പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. 15 വർഷം മുൻപ് കാണാതായ ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ പോലീസ് പിടികൂടി റിമാൻഡിലുളള പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
രണ്ടുമുതൽ നാലുവരെ പ്രതികളായ ചെന്നിത്തല ഇരമത്തൂർ കണ്ണമ്പള്ളിൽ ജിനു ഗോപി (48), കണ്ണമ്പള്ളിൽ സോമരാജൻ (55), കണ്ണമ്പള്ളിൽ പ്രമോദ്(45) എന്നി വർക്കാണ് ജാമ്യം അനുവദിച്ചത്. പ്രൊഡക്ഷൻ വാറണ്ടുള്ളതിനാൽ പ്രമോദിന് പുറത്തിറങ്ങാനായില്ല. പതിനഞ്ചു വർഷം മുമ്പ്കാണാതായ ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും കലയുടെ ഭർത്താവുമായ ചെന്നിത്തല ഇരമത്തൂർ കണ്ണമ്പള്ളിൽ അനിൽകുമാർ ഇസ്രയേലിലാണ്.
ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടിയുടെ ഭാഗമായി ഇയാൾക്കെതിരേ ചെങ്ങന്നൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നേരത്തെ ഓപ്പൺ വാറണ്ട് പുറപ്പെടുവിച്ചിരു ന്നു. ഓപ്പൺ വാറണ്ട് പോലീസ് ആസ്ഥാനം വഴി ക്രൈംബ്രാഞ്ച് മുഖേന സിബിഐയ്ക്ക് കൈമാറിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
അനിൽ നാട്ടിൽ എത്തിയാൽ മാത്രമേ കൊലപാതകവുമായി ബന്ധപ്പെട്ട്കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുകയുള്ളൂ. കലയെ കൊന്ന് കുഴിച്ച് മൂടിയ സ്ഥലമോ മൃതദേഹ അവശിഷ്ടമോ ലഭിക്കാഞ്ഞത് അന്വേഷണ സംഘത്തിന് തിരിച്ചടിയായി. കൂടാതെ യഥാർത്ഥ വിവരങ്ങൾ അറിയാവുന്ന ഒന്നാം പ്രതി അനിൽ നാട്ടിൽ എത്താത്തതും അന്വേഷണത്തെ ബാധിച്ചു.
അതിനാൽ തന്നെ വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനാലാണ് പ്രതികൾ ഉപാധികളോടെ പുറത്തിറങ്ങിയത്. ഒരു ഊമക്കത്തിൻ്റെ അടിസ്ഥാനത്തിൽ ആരംഭിച്ച അന്വേഷണമാണ് കോളിളക്കം സൃഷ്ടിച്ച കല കൊലപാതകത്തിൻ്റെ ചുരുൾ അഴിച്ചത്. അമ്പലപ്പുഴയിൽ നടന്ന ഒരു വീട് കയറി അക്രമണത്തിൽ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന പ്രതികളിൽ ഒരാൾക്ക് 15 വർഷം മുൻപ് കാണാതായ കല കൊലപാതകത്തിൽ പങ്കുണ്ടെന്നും കല കൊല ചെയ്യപ്പെട്ടുവെന്നും മൃതദേഹം വീടിനോട് ചേർന്നുള്ള സെപ്റ്റിക് ടാങ്കിൽ ഇട്ടിട്ടുണ്ടെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.
പോലീസ നടത്തിയ രഹസ്യാന്വേഷണത്തിൽ സംഭവത്തിൽ യാഥാർഥ്യമുണ്ടെന്ന് മനസിലാക്കി നിരവധി പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ഇതിൽ മൂന്ന് പേർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തു റിമാനലാക്കുകയായിരുന്നു.
കേസന്വേഷണത്തിനായി രണ്ട് ഡവൈഎസ്പിമാർ, മൂന്ന് സിമാർ അടങ്ങുന്ന 15 അംഗ പ്രത്യേക സംഘത്തെയും നിയോഗിച്ചു. അന്വേഷണത്തിന് മുഖ്യചുക്കാൻ പിടിച്ച എസ് പി തെരസാ ജോൺ അടക്കം അന്വേഷണ സംഘത്തിലെ പുതിയിലേറെ ഉദ്യോഗസ്ഥർ സ്ഥലം മാറിപോയതും അന്വേഷത്തെ ബാധിച്ചു. പ്രതികൾക്ക് ജാമ്യം കൂടി ലഭിച്ചതോടെ കല കൊലപാതകം ഇനി എന്താകുമെന്ന ആശങ്കയിലാണ് കലയുടെ വീട്ടുകാരും നാട്ടുകാരും.