ഉത്സവച്ഛായയിൽ പന്പാതീരം; തോണി യാത്ര ഇന്ന്
1453111
Friday, September 13, 2024 11:50 PM IST
കോഴഞ്ചേരി: പന്പാതീരം ഉത്സവച്ഛായയിലാണ്. പരന്പരാഗതമായ ആചാരങ്ങളോടെ തിരുവോണത്തോണി യാത്ര ഇന്ന്. ആറന്മുള ഉത്രട്ടാതി ജലോത്സവവുമായി ബന്ധപ്പെട്ട ഐതിഹ്യം തിരുവോണത്തോണിയുടെ യാത്രയുമായി ബന്ധപ്പെട്ടാണ്.
തിരുവോണ നാളിൽ ആറൻമുള ക്ഷേത്രത്തിൽ സദ്യ ഒരുക്കാൻ വിഭവങ്ങളുമായി തിരുവോണത്തോണി ഉത്രാട സന്ധ്യയിൽ കാട്ടൂരിൽനിന്നു യാത്ര തിരിക്കും.
മഹാവിഷ്ണുക്ഷേത്രക്കടവിൽനിന്ന് പമ്പാനദിയിലൂടെയാണ് ആറന്മുള യാത്ര. പമ്പയിലെ ജലനിരപ്പ് സ്വാഭാവികമായി നിലനിൽക്കുന്നതിനാൽ ഇക്കൊല്ലത്തെ യാത്ര കൂടുതൽ സുഗമമാകും.
മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണ ഭട്ടതിരിയാണ് ഇക്കുറി യാത്രയിൽ തിരുവോണത്തോണിക്ക് നായകത്വം വഹിക്കുക. പൂർവിക അനുഷ്ഠാനം നിറവേറ്റാനായി കോട്ടയം കുമാരനല്ലൂർ മങ്ങാട്ട്
കടവിൽനിന്ന് യാത്ര ആരംഭിച്ച ഭട്ടതിരി ചുരുളൻ വള്ളത്തിൽ ഇന്നലെ ആറന്മുളയിൽ എത്തിയിട്ടുണ്ട്. ഇവിടെനിന്ന് പുറപ്പെടുന്ന ഭട്ടതിരിക്ക് ഇന്ന് ഉച്ചയോടെ കാട്ടൂർ ക്ഷേത്ര കടവിൽ ഭാരവാഹികൾ വരവേല്പ് നൽകും.
കഴിഞ്ഞ ദിവസം നീരണിഞ്ഞ ശേഷം ആറന്മുളയിൽനിന്ന് പുറപ്പെട്ട തിരുവോണത്തോണി ഇന്നുരാവിലെ മൂക്കന്നൂർ കടവിലെത്തിച്ച് കഴുകി വൃത്തിയാക്കും. തുടർന്ന് കാട്ടൂർ ക്ഷേത്രക്കടവിലേക്ക് എത്തും. ഭട്ടതിരിയും തോണിയും എത്തുന്നതോടെ കാട്ടൂരിലെ ചടങ്ങുകൾക്ക് തുടക്കമാകും. ആറൻമുള ക്ഷേത്രത്തിൽനിന്ന് ചോതി നാളിൽ അളന്ന് എത്തിച്ച നെല്ല് വിശാഖം നാൾ മുതൽ കുത്തി എടുത്ത അരി ഉൾപ്പെടെയുള്ള സാധനങ്ങളാണ് തോണിയിൽ കൊണ്ടുപോകുക. കാട്ടൂർ ക്ഷേത്രത്തിലെ ശ്രീകോവിലിൽനിന്ന് വൈകുന്നേരം ആറിനു മേൽശാന്തി പകർന്നുനൽകുന്ന ദീപം ഏറ്റുവാങ്ങി ഭട്ടതിരി തോണിയിലെ പ്രത്യേക മണ്ഡപത്തിൽ സൂക്ഷിക്കും.
തുടർന്ന് ഭട്ടതിരിയും ആചാരപ്രകാരം തോണിയിൽ യാത്ര ചെയ്യാൻ അവകാശമുള്ള 18 കുടുംബങ്ങളിലെ പ്രതിനിധികളുമായി വൈകുന്നേരം 6.30ന് കാട്ടൂരിൽനിന്നും ആറൻമുളയിലേക്ക് നീങ്ങും. ആറന്മുള പള്ളിയോടങ്ങൾ തിരുവോണത്തോണിക്ക് അകമ്പടിയായി നീങ്ങും. പന്പയെ പ്രകാശപൂരിതമാക്കിയുള്ള രാത്രിയാത്ര കാണാൻ തീരങ്ങളിൽ ഉറക്കമൊഴിഞ്ഞ് മൺചിരാതുകൾ തെളിച്ച് ആളുകൾ കാത്തിരിക്കും.
തിരുവോണനാൾ പുലർച്ചെ ആറൻമുള ക്ഷേത്രക്കടവിൽ തോണി എത്തും. ദേവസ്വം ബോർഡ്, പള്ളിയോട സേവാ സംഘം, ഉപദേശക സമതി, ഭക്തർ തുടങ്ങിയവർ ചേർന്ന് അനുഷ്ഠാനങ്ങൾ പാലിച്ച് വെറ്റില, പുകയില ഇവ നൽകി സ്വീകരിക്കും. കാട്ടൂരിൽനിന്ന് പകർന്നുനൽകിയ ദീപം ആറൻമുള ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിലേക്ക് പകരും. ഇതോടെ ആറന്മുള തിരുവോണ സദ്യക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും.
തോണിയിൽഎത്തിച്ച വിഭവങ്ങൾ ഉപയോഗിച്ച് തയാറാക്കിയ നിവേദ്യം ദേവന് സമർപ്പിക്കും. അത്താഴപൂജ കഴിഞ്ഞ് ചെലവ് മിച്ചം പണക്കിഴി ഭണ്ഡാരത്തിൽ നിക്ഷേപിച്ച് ഭട്ടതിരി കുമാരനല്ലൂരിലേക്ക് കരമാർഗം മടങ്ങും.