എംപി ഇടപെട്ട് തുറന്ന വഴി എംവിഡി ഇടപെട്ട് അടപ്പിച്ചു
1453109
Friday, September 13, 2024 11:50 PM IST
അന്പലപ്പുഴ: അമ്പലപ്പുഴ കച്ചേരി മുക്കിൽ കെ.സി. വേണുഗോപാൽ എംപി ഇടപെട്ട് തുറപ്പിച്ച വഴി എംവിഡി ഇടപെട്ട് അടപ്പിച്ചു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ജംഗ്ഷനിൽ ഡിവൈഡറുകൾ സ്ഥാപിച്ചതോടെയാണ് ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമായത്. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ജംഗ്ഷനിൽനിന്ന് തെക്കോട്ട് അരകിലോ മീറ്ററോളം സഞ്ചരിച്ച് ദേശീയ പാതയിൽ പ്രവേശിക്കേണ്ട സ്ഥിതിയായിരുന്നു. കാൽനടയാത്രക്കാരും ഇരുചക്ര വാഹനക്കാരുമടക്കമുള്ള ആയിരക്കണക്കിന് യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലായത്.
ഇതു കണക്കിലെടുത്താണ് ജംഗ്ഷനിലെ ഡിവൈഡറുകളിൽ ചിലത് മാറ്റി നേരിട്ട് ദേശീയപാതയിലെത്താൻ വഴിയൊരുക്കാൻ കെ.സി. വേണുഗോപാൽ എംപി നിർദേശിച്ചത്. എംപിയുടെ നിർദേശ പ്രകാരം ഡിവൈഡറുകൾ മാറ്റി മൂന്നു മീറ്റർ വീതിയിൽ ഗതാഗതം പുന:സ്ഥാപിക്കുകയും ചെയ്തു.
എന്നാൽ, ഒരാഴ്ച്ച പിന്നിട്ടപ്പോൾത്തന്നെ ഈ വഴിയടയ്ക്കുകയും ചെയ്തു. മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണ് വഴിയടച്ചതെന്ന് പറയുന്നു. വഴി പുന:സ്ഥാപിച്ചത് അപകടത്തിനുകാരണമാകുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇതടച്ചത്. എന്നാൽ, ഹോം ഗാർഡിനെ നിയോഗിച്ച് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയാൽ അപകടസാധ്യതയില്ലാതാകും. ഇത് ചെയ്യാതെ യാത്രക്കാരെ ദുരിതത്തിലാക്കിയ എംവിഡിയുടെ നടപടിക്കെതിരേ പ്രതിഷേധമുയർന്നിട്ടുണ്ട്.