അത്താഴക്കൂട്ടം ഓണാഘോഷം
1453104
Friday, September 13, 2024 11:50 PM IST
ആലപ്പുഴ: പട്ടിണിയില്ലാതെ അന്തി ഉറങ്ങാം എന്ന ആശയം നടപ്പിലാക്കാൻ ആലപ്പുഴ കേന്ദ്രീകരിച്ച് രൂപീകൃതമായ അത്താഴക്കൂട്ടം തിരുവോണത്തിന് നിത്യവൃത്തിക്ക് വകയില്ലാത്ത നൂറോളം കുടുബങ്ങളെ ചേർത്തുപിടിച്ച് 1500 രൂപ വിലവരുന്ന ഭക്ഷ്യധാന്യ - പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.
ആലപ്പുഴ ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്തിക്ക് ഭക്ഷണം വിളമ്പി തുടങ്ങിയശേഷം ആലപ്പുഴയുടെ തെരുവോരങ്ങളിലും ബസ് സ്റ്റാൻഡിലും റെയിൽവേസ്റ്റേഷനുകളിലുമായി നൂറോളം പേർക്ക് അന്തിഭക്ഷണം നൽകാൻ തുടങ്ങിയട്ട് 3615 ദിവസമായി. മരുന്നു വാങ്ങാൻ പണമില്ലാത്ത രോഗികളെ സഹായിച്ചും പട്ടിണിമൂലം ദുരിതമനുഭവിക്കുന്ന കുടുബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റ് നൽകിയും നിശബ്ദ പ്രവർത്തനം കാഴ്ചവയ്ക്കുന്ന അത്താഴ കൂട്ടത്തിന്റെ ഈ പ്രാവശ്യം ഓണസദ്യ ഒരുക്കുന്നത് നൂറോളം പേർ പാർക്കുന്ന മരിയാദാമിലാണ്.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് റോയി പാലത്ര ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നസീർ പുന്നയ്ക്കൽ അധ്യക്ഷത വഹിച്ചു. എം.പി. ഗുരു ദയാൽ, നൗഷാദ് അത്താഴക്കൂട്ടം, കെ. നാസർ, ഷിജു വിശ്വനാഥ്, പി. അനിൽകുമാർ, തുഷാർ വട്ടപ്പള്ളി, സുനിത താജുദീൻ, നാസില നിസർ എന്നിവർ പ്രസംഗിച്ചു.