ഓണവിപണിയിൽ വർണവസന്തം, പൂക്കൾക്ക് തീവില
1453096
Friday, September 13, 2024 11:50 PM IST
മാന്നാർ: ഓണത്തിന് അണിഞ്ഞൊരുങ്ങണമെങ്കിൽ മലയാളി മങ്കമാർക്ക് മുല്ലപ്പൂകൂടി ചൂടണം. ഓണം മലയാളി തനിമയുടെ പൂർണതയുടെ ആഘോഷം കൂടിയാണ്. സെറ്റ് സാരിയുടുത്ത് മുല്ലപൂ ചൂടി ഓണം ആഘോഷിക്കുമ്പോഴാണ് മലയാളികളുടെ ഓണത്തിന് കളറേകുന്നത്. ഓണവിപണിയിൽ ഒഴിച്ചുകൂടാൻ കഴിയാത്തതാണ് പൂക്കളുടെ കച്ചവടം. പച്ചക്കറി, ഏത്തക്കായ്, തുണിത്തരങ്ങൾ എന്ന പോലെ ഓണനാളുകളിൽ വിപണി കയ്യടക്കുന്നതാണ് പൂക്കളം.
എന്നാൽ, തലമുടിയിൽ പൂ ചൂടണമെങ്കിൽ അല്പം വിഷമിക്കും. തലയിൽ ചൂടാനുള്ള മുല്ലപ്പൂവിന്റെ വിലയാണ് എല്ലാവരെയും വിഷമിപ്പിക്കുന്നത്. ഒരു കിലോ മുല്ലപ്പൂവിന് 2500 മുതൽ 3000 വരെയാണ് വില. ഒരോ കടയിലും വില വ്യത്യസ്തമാണ്. കെട്ടിയ ഒരു മുഴം പൂവിന് 150 മുതൽ 200 വരെയാണ് വില. തിരുവോണം അടുക്കുമ്പോൾ ഇനിയും വില കൂടാമെന്ന് വ്യാപാരികൾ പറയുന്നു.
ഇനി അത്തപൂക്കളത്തിനുള്ള പൂക്കൾക്കും തീവിലയാണ്. ജമന്തി, ബന്ദിപ്പൂ, വാടാമുല്ല, റോസ്, പല നിറത്തിലുളള അരളി എന്നിവയാണ് സാധാരണ പൂക്കളങ്ങൾക്കായി ഉപയോഗിക്കുന്ന പൂക്കൾ. ബന്ദിപൂ- 150, വാട മുല്ല - 200, റോസ് - 350, ജമന്തി - 250 എന്ന തലത്തിലാണ് കിലോയ്ക്ക് വില.
ബന്ദിപൂകേരളത്തിൽ ഇത്തവണ വ്യാപകമായി കൃഷി നടത്തി വിളവെടുപ്പുകൾ നടത്തിയിട്ടുള്ളതിനാൽ ഈ പൂക്കൾക്ക് അല്പം വിലക്കുറവുണ്ട്. ബാക്കി എല്ലാ പൂക്കളും ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്നതിനാലാണ് വില കൂടുന്നതെന്ന് വ്യാപാരികൾ പറയുന്നു.