നായ്ക്കളെ വിഷം തീണ്ടിയ നിലയിൽ കണ്ട സംഭവം; ദുരൂഹത വർധിക്കുന്നു
1452843
Thursday, September 12, 2024 11:26 PM IST
അമ്പലപ്പുഴ: ക്ഷേത്രമൈതാനത്ത് നായ്ക്കളെ വിഷം കൊടുത്ത് കൊന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു.
പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് പതിനൊന്ന് തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്ന നിലയിൽ കണ്ടത്. കഴിഞ്ഞദിവസം രാവിലെ മുതൽ മൈതാനത്തിന്റെ പല ഭാഗത്തും സ്റ്റേജിലുമായി നായ്ക്കൾ അവശനിലയിലായി ചത്തു വീഴുകയായിരുന്നു.
വിഷം ഉള്ളിൽച്ചെന്ന നിലയിൽ വായിൽനിന്ന് നുരയും പതയും വന്നിരുന്നു. ചത്ത നായ്ക്കളെ പിന്നീട് ക്ഷേത്രം ജീവനക്കാർ കുഴിച്ചുമൂടി.
വിഷം ഉള്ളിൽച്ചെന്ന മറ്റ് ചില നായ്ക്കൾ അവശനിലയിലുമായിരുന്നു.
നായ്ക്കളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവം ആരും തന്നെ പോലീസിലോ പഞ്ചായത്തിലോ മൃഗസംരക്ഷണവകുപ്പിലോ അറിയിച്ചില്ല. അതുകൊണ്ടു തന്നെ പോസ്റ്റുമോർട്ടം നടപടികൾ ചെയ്യാത്തതിനാൽ ഇവയുടെ മരണകാരണവും വ്യക്തമായിട്ടില്ല.