സര്‍ക്കാര്‍ 1,80,877 പട്ടയങ്ങള്‍ നൽകി: മന്ത്രി കെ. രാജന്
1452841
Thursday, September 12, 2024 11:26 PM IST
കായംകുളം: മൂന്നുവര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാരിന് 1,80,877 പട്ടയങ്ങള്‍ നല്കാനായെന്ന് മന്ത്രി കെ. രാജന്. കേരളത്തിന്റെ സമീപ ഭൂതകാലത്ത് ഇത്രയധികം പട്ടയം നല്കിയ മറ്റൊരു സര്‍ക്കാരില്ല. അടുത്ത ഒന്നരവര്‍ഷം കൂടി പിന്നിടുമ്പോള്‍ കേരളത്തിലെ ഭൂരഹിതരായുള്ള എല്ലാവരെയും ഭൂമിയുടെ ഉടമസ്ഥരാക്കുക എന്ന ചരിത്രദൗത്യത്തിലേക്ക് സംസ്ഥാനം കടക്കുമെന്നും മന്ത്രി പറഞ്ഞു.
കാര്‍ത്തികപ്പള്ളി താലൂക്കിലെ പുതുപ്പള്ളി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കേരള ചരിത്രത്തില്‍ പുതിയൊരു അളവ് സംവിധാനം ഡിജിറ്റല്‍ സര്‍വേയിലൂടെ കൊണ്ടുവരാനായി. ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച സംവിധാനമായ കണ്ടിന്വസ്ലി ഓപ്പറേറ്റിംഗ് റഫറന്‍സ് സ്റ്റേഷന് എന്ന കോര്‍ സാങ്കേതിക വിദ്യയിലൂടെ ഒന്നര വര്‍ഷത്തില്‍ 208 വില്ലേജുകളില്‍ ലൈന്‍-2 പ്രസിദ്ധീകരിക്കാനായതായും മന്ത്രി പറഞ്ഞു.
യു. പ്രതിഭ എംഎല്‍എ അധ്യക്ഷയായി. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനാഥന്‍, വൈസ് പ്രസിഡന്റ് നീതുഷാ രാജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എസ്. രേഖ, മിനി മോഹന്‍ബാബു, രജനി ബിനു തുടങ്ങിയവര്‍ പങ്കെടുത്തു.