തുറവൂർ - അരൂർ ആകാശപാത നിർമാണം; അപകടങ്ങൾ തുടർക്കഥ, അനങ്ങാതെ അധികൃതർ
1452840
Thursday, September 12, 2024 11:26 PM IST
തുറവൂർ: നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും ഒട്ടേറെ പേർക്കു പരിക്കേറ്റിട്ടും അപകടങ്ങൾ തുടർക്കഥയായിട്ടും ഇവയെല്ലാം കണ്ടില്ലെന്നു നടിക്കുന്ന ആകാശപാതനിർമാണ കമ്പനിക്കെതിരേ പ്രത്യക്ഷ സമരവുമായി ജനമിറങ്ങി.
ദേശീയപാതയിലെ ദുരന്താവസ്ഥയ്ക്കു പരിഹാരം തേടിയാണ് ജനം സമരവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ദേശീയപാത അരൂർ മുതൽ തുറവൂർ വരെയുള്ള ഭാഗങ്ങളിലുള്ള വൻകുഴികൾ അടച്ച് ഉടൻ ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയതിനു ശേഷമേ മേൽപ്പാലം നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കുകയുള്ളൂവെന്ന് പ്രഖ്യാപിച്ചാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചിരിക്കുന്നത്.
നിർമാണം തടഞ്ഞുള്ള ജനകീയ സമരങ്ങൾക്കു തുടക്കം കുറിച്ച് കഴിഞ്ഞദിവസം ഡിവൈഎഫ്ഐ രംഗത്തുവന്നു. തുറവൂർ - അരൂർ ആകാശപാത നിർമാണവുമായി ബന്ധപ്പെട്ട് ചന്തിരൂർ-അരൂർ ഭാഗത്ത് പൊട്ടിപ്പൊളിഞ്ഞ റോഡും സര്‍വീസ് റോഡുകളും പുനര്‍നിര്‍മാണം നടത്തുമെന്ന കമ്പനിയുടെ ഉറപ്പ് പാലിക്കാത്തതിനെതിരേ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉയരപ്പാത നിര്‍മാണം തടസപ്പെടുത്തി.
അരൂര്‍ - ചന്തിരൂര്‍ പ്രദേശങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി നിര്‍ത്തിവയ്പിച്ചത്. മൂന്നു മണിക്കൂറോളം തടസപ്പെടുത്തിയതിനുശേഷം കരാര്‍ ചുമതലക്കാരായ അശോക ബില്‍ഡ്കോണ്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയും ഒന്നാം ഘട്ടമായി അരൂര്‍ ബൈപാസ് മുതല്‍ ക്ഷേത്രം വരെ ടൈല്‍ പാകി സര്‍വീസ് റോഡ് പുനര്‍നിര്‍മിക്കണമെന്ന തീരുമാനം ഇന്നലെ രാത്രി തന്നെ ആരംഭിക്കുമെന്നതിന്റെ അടിസ്ഥാനത്തില്‍ സമരം താത്കാലികമായി അവസാനിപ്പിക്കുകയും ചെയ്തു.
യാത്രാദുരിതത്തിനു പരിഹാരം കാണുന്നതുവരെ ഡിവൈഎഫ്ഐ സമരം തുടരുമെന്ന് നേതാക്കൾ അറിയിച്ചു. സമരത്തില്‍ ഡിവൈഎഫ്ഐ നേതാക്കളായ വി.കെ. സൂരജ്, എന്‍. നിഷാന്ത്, ജില്ലാ പഞ്ചായത്തംഗം അനന്തു രമേശന്, ധനേഷ്ദാസ്, ജി.ബി. ഗോപി തുടങ്ങിയവർ നേതൃത്വം നല്കി.
ശാശ്വതപരിഹാരം
അതിനിടെ ആകാശപാത നിർമാണ കമ്പനിക്കെതിരേ മുസ്ലിം ലീഗും രംഗത്തുവന്നു. തുറവൂർ അരൂർ ദേശീയപാത എലിവേറ്റഡ് ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ജനജീവിതം ദുസഹമാകുകയാണെന്നും അധികൃതർ എത്രയും വേഗം ഇതിന് ശാശ്വത പരിഹാരം കാണണമെന്നും ലീഗ് ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ഫസലുദ്ദീൻ ആവശ്യപ്പെട്ടു.
പ്രതിഷേധ സമ്മേളനത്തിൽ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷിഹാബ് മൂസ അധ്യക്ഷനായ യോഗത്തിൽ മുസ്ലിം ലീഗ് അരൂർ മണ്ഡലം വൈസ് പ്രസിഡന്റ് ബാദുവി, കുത്തിയതോട് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.കെ. നൗഷാദ്, യൂത്ത് ലീഗ് അരൂർ മണ്ഡലം വൈസ് പ്രസിഡന്റ് ശിഹാബുദ്ദീൻ ചാവടി, അബൂബക്കർ, ഫെമീസ് ഫസൽ, ഫെമീദ് എന്നിവർ പ്രസംഗിച്ചു. ദേശീയപാത ഉടൻ സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ വ്യാപാരി വ്യവസായികളും നാട്ടുകാരും ഉയരപാത നിർമാണം തടയുമെന്നുള്ള തീരുമാനത്തിലാണ്.
ഏതറ്റം വരെയും പോകും
പൊതുജനങ്ങൾ ഇവിടെ യാത്രയിൽ അനുഭവിക്കുന്ന ബുദ്ധിമുട്ട് അതീവ ഗുരുതരമാണ്. നിയമസഭയിൽ ഞാൻ ഈ കാര്യം പലവട്ടം ഉന്നയിച്ചു പരിഹാരം തേടി. പല കമ്മിറ്റികളിൽ, പല മീറ്റിംഗുകളിൽ പലവിധ കാര്യങ്ങൾ എംഎൽഎ എന്നുള്ള നിലയിൽ ചെയ്യാവുന്നതെല്ലാം ചെയ്തു. പക്ഷേ ദേശീയപാതാ അഥോറിറ്റിയുടെ പരിധിയിൽ നമുക്കുള്ള അധികാരങ്ങൾ പരിമിതമാണ്. ഉയരപ്പാത പൂർത്തിയാകുന്നതുവരെ ജനങ്ങൾക്ക് സുഗമമായ യാത്രാമാർഗം ലഭ്യമാക്കാനുള്ള സംവിധാനം ഉണ്ടായേ പറ്റൂ. ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നത്തിനു പരിഹാരം തേടി ഏതറ്റം വരെയും ഞാൻ പോകും.
ദലീമ ജോജോ,
എംഎൽഎ അരൂർ
ജനങ്ങളെ ബന്ധിയാക്കിയുള്ള ഉയരപ്പാത നിർമാണ കമ്പനിയുടെ ഒളിച്ചുകളി അവസാനിപ്പിക്കണം. പൗരാവകാശങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണം. ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള ഈ ആസൂത്രണമില്ലാത്ത നിർമാണപ്രവർത്തനങ്ങൾക്ക് ഒരു കടിഞ്ഞാൺ വേണ്ടേ?
സൗരഭൻ, കൺസ്യൂമർ അസോസിയേഷൻ,
ചേർത്തല താലൂക്ക് ജനറൽ സെക്രട്ടറി
ജനങ്ങളുടെ ബുദ്ധിമുട്ട് ബോധ്യപ്പെ ട്ട ് ഹൈക്കോടതി ഇടപെട്ടിട്ടുപോലും പുല്ലുവില കൊടുക്കുന്ന ഒരു സംവിധാനമാണ് ഇവിടെ കാണുന്നത്. എത്രപേർ മരിക്കുന്നു, എത്രയോ അപകടങ്ങൾ നിരന്തരം സംഭവിക്കുന്നു. ഇതൊന്നും കരാറുകാരെ ബാധിക്കുന്നില്ലെന്ന മട്ടിലാണ് അവർ. എന്തെല്ലാം ഇടപെടൽ ഉണ്ടായിട്ടും ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും മാത്രം ബാക്കി.
തുറവൂർ ഷണ്മുഖൻ
യാത്രക്കാരൻ