ഓണനാളില്‍ കുടിവെള്ളം മുട്ടിച്ച് അധികൃതര്‍: വട്ടം കറങ്ങി ജനം
1452836
Thursday, September 12, 2024 11:26 PM IST
ചേര്‍ത്തല: ഓണനാളില്‍ കുടിവെള്ളത്തിനാനായി കാത്തിരിക്കേണ്ട ഗതികേടിലാണ് ചേര്‍ത്തല നിവാസികള്‍.
ദേശീയപാതയോരത്ത് പതിനൊന്നാം മൈലിനു സമീപം പ്രധാന ശുദ്ധജലവിതരണ കുഴല്‍ പൊട്ടിയതാണ് ശുദ്ധജലവിതരണം തടസപ്പെടുന്നത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് കുഴല്‍ പൊട്ടിയത്.
കുഴലിലെ അറ്റകുറ്റപ്പണികള്‍ക്കായി 14ന് ഉത്രാടദിനംവരെയാണ് വെള്ളവിതരണം നിര്‍ത്തിയിരിക്കുന്നത്. മുഹമ്മ, കഞ്ഞിക്കുഴി, ചേര്‍ത്തല തെക്ക്, മാരാരിക്കുളം വടക്ക് എന്നിവിടങ്ങളില്‍ പൂര്‍ണമായും ചേര്‍ത്തല നഗരസഭ, തണ്ണീര്‍മുക്കം, പള്ളിപ്പുറം എന്നിവിടങ്ങളില്‍ ഭാഗികമായുമാണ് ശുദ്ധജല വിതരണം മുടങ്ങുന്നത്. പൊട്ടിയ കുഴിലിന്റെ അറ്റകുറ്റപ്പണികള്‍ തൈക്കാട്ടുശേരി ഹെഡ് വര്‍ക്ക് വിഭാഗം നേരിട്ടാണ് ചെയ്യുന്നത്.
അപ്രതീക്ഷിതമായ തകരാറായതിനാല്‍ ഉപഭോക്താക്കള്‍ക്കു വെള്ളം ശേഖരിച്ചു വയ്ക്കാനായിട്ടില്ല. ഓണ ഒരുക്കങ്ങള്‍ക്കിടയില്‍ ഇത്തരത്തിലുണ്ടായപ്രതിസന്ധി ജനങ്ങളെ വട്ടം കറക്കിയിരിക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി നടത്തി വെള്ളം വിതരണം പുനസ്ഥാപിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം അഥോറിറ്റിയില്‍ ഉദ്യോഗസ്ഥ സ്ഥലം മാറ്റം നടക്കുന്നഘട്ടമായതിനാല് നിര്‍മാണത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എന്‍ജിനിയറുടെ പോസ്റ്റ് ഒഴിഞ്ഞു കിടക്കുന്നതും പ്രതിസന്ധിയാകുന്നുണ്ട്.
അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ രാവിലെ തന്നെ തുടങ്ങിയിട്ടുണ്ടെന്ന് ജലഅഥോറിറ്റി അധികൃതര്‍ പറഞ്ഞു. കഴിവതും വേഗത്തില്‍ പൂര്‍ത്തിയാക്കി ഉത്രാടത്തിനു ഉച്ചയോടെയെങ്കിലും ശുദ്ധജലവിതരണം എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.