വീണ്ടും അപകടം, ദേശീയപാതയിലെ യാത്ര ഒരു പേടിസ്വപ്നം
1452291
Tuesday, September 10, 2024 10:46 PM IST
തുറവൂർ: അരൂർ മുതൽ തുറവൂർ വരെ ദേശീയപാതയിലൂടെയുള്ള യാത്ര യാത്രക്കാർക്കു പേടിസ്വപ്നമായി തുടരുന്നു. എപ്പോഴും എന്തും സംഭവിക്കുമെന്ന നെഗറ്റീവ് അവസ്ഥയാണ് തുറവൂർ - അരൂർ പാതയിലുള്ളത്. ഉയരപ്പാത നിർമാണത്തോടനുബന്ധിച്ച് അപകടാവസ്ഥയാണ് ഇതിനു കാരണം.
അരൂർ മുതൽ തുറവൂർ വരെയുള്ള ദേശീയപാത തകർന്ന് തരിപ്പണമായതോടുകൂടിയാണ് ഏതുസമയവും അപകടം സംഭവിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസം ഉയരപ്പാത നിർമാണത്തിനായി സ്ഥാപിച്ച ക്രെയിൻ തകർന്നുവീണിരുന്നു. അപകടം രാത്രിയായതിനാലും റോഡിൽ യാത്രക്കാരില്ലാതിരുന്നതിനാലും വൻദുരന്തമാണ് ഒഴിവായത്.
ഇന്നലെ രാവിലെ തടിയും കയറ്റി വന്ന ലോറി അരൂർ ഭാഗത്ത് മറിഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. നിലവിൽ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും മറ്റു വാഹനയാത്രക്കാരും മരണഭയത്തോടുകൂടി മാത്രമേ ഈ പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ എന്ന അവസ്ഥയാണ്. ഇത്രയും അപകടങ്ങൾ ഉണ്ടായിട്ടും 30ലധികം ജീവൻ പൊലിഞ്ഞിട്ടും ദേശീയപാത വിഭാഗം ഇതൊന്നും അറിഞ്ഞ മട്ടില്ല.
ദേശീയപാത അരൂർ മുതൽ തുറവൂർ വരെ പൂർണമായി തകർന്നു തരിപ്പണമായിട്ടും ഇവ പുനർനിർമിക്കുവാനോ സഞ്ചാരയോഗ്യമാക്കാനോ യാതൊരുവിധ നടപടിയും ദേശീയപാത വിഭാഗത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
അരൂർ, ചന്തിരൂർ ഭാഗങ്ങളിൽ വൻ കുഴികളാണ് ദേശീയപാതയിൽ ഉണ്ടായിട്ടുള്ളത്. ഈ കുഴികളിൽ വാഹനങ്ങൾ വീണ് മറിയുന്നത് നിത്യസംഭവമായിട്ടും ദേശീയപാതാ ഉദ്യോഗസ്ഥർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. അടിയന്തരമായി ദേശീയപാത അരൂർ - തുറവൂർ ഭാഗങ്ങളിൽ റീ ടാർ ചെയ്തു ഗതാഗതയോഗ്യമാക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് ആവശ്യം ശക്തമാകുന്നു.
പൈപ്പ് പൊട്ടിയതു
പരിഹരിക്കാത്തതിലും പ്രതിഷേധം
ആലപ്പുഴ: മണ്ഡലത്തിൽ വിവിധയിടങ്ങളിൽ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പൈപ്പ് പൊട്ടിയതു പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചും ദേശീയപാതയിൽനിന്ന് ഇടറോഡുകളിലേക്കുള്ള സഞ്ചാരം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ടും എച്ച്. സലാം എംഎൽഎ സമരം നടത്തി. കളക്ടറേറ്റിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. ഉച്ചയ്ക്ക് 2.15ന് ആരംഭിച്ച പ്രതിഷേധം രണ്ടുമണിക്കൂർ നീണ്ടു. കളക്ടർ അലക്സ് വർഗീസ് ദേശീയപാത ഉദ്യോഗസ്ഥർ, നിർമാണ കമ്പനി പ്രതിനിധികൾ, വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ എന്നിവരെ വിളിച്ചുവരുത്തി ചർച്ച നടത്തി വിഷയത്തിൽ അടിയന്തര പരിഹാരം നടത്തണമെന്ന് ആവശ്യപ്പെട്ടു. തീരുമാനം കളക്ടർ സമരസ്ഥലത്തെത്തി അറിയിച്ചതിനെത്തുടർന്ന് എംഎൽഎ സമരം അവസാനിപ്പിച്ചു.