7.65 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്: പ്രധാന പ്രതി പിടിയില്‍
1452033
Monday, September 9, 2024 11:46 PM IST
ചേര്‍ത്തല: ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതിമാരില്‍നിന്നു 7.65 കോടി തട്ടിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍.
പ്രധാന പ്രതികളിലൊരാളായ ഭഗവാന് റാം പട്ടേലിനെയാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം സൈബര്‍സെല്ലിന്റെ സഹായത്തോടെ ബംഗളൂരു യെലഹങ്കയില്നിന്നു പിടികൂടിയത്. ഇതിനൊപ്പം ഒരാള്‍കൂടി വലയിലായതായാണ് വിവരം.
ഭഗവാന് റാം പട്ടേലിനെ പിടികൂടിയത് കേസില്‍ വഴിത്തിരിവാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ജില്ലാപോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനില്‍ രാജ്, എസ്ഐ അഗസ്റ്റിന് വര്‍ഗീസ്, എഎസ്ഐമാരായ വി.വി. വിനോദ്, ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ അന്വേഷണ സംഘം വിപുലീകരിച്ചു. ചേര്‍ത്തല സ്റ്റേഷന് ഓഫീസര്‍ ജി. അരുണ്‍, സബ് ഇന്‍സ്പക്ടര്‍മാരായ സജികുമാര്‍, സുധീര്‍, സീനിയര്‍ സി പി ഒമാരായ ബൈജു മോന്, ആന്റ ണി ജോസഫ് എന്നിവരെ ഉള്‍പെടുത്തി.
തട്ടിപ്പുതുക ഒരുകോടിക്കും മേലേയാണെന്നതിനാലാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. തട്ടിപ്പില്‍ മൂന്നുപേരെ ചേര്‍ത്തല പോലീസ് പിടികൂടിയിരുന്നു. ഇവരില്‍നിന്നു 34 ലക്ഷം വീണ്ടെടുത്തിരുന്നു. പരാതിക്കാരനായ ഡോ. വിനയകുമാറിന്റെ തനിച്ചുള്ള അക്കൗണ്ടില്‍ നിന്നും ഭാര്യ ഡോ. ഐഷയുടെയും കൂട്ടായ പേരിലുള്ള അക്കൗണ്ടില്‍നിന്നുമാണ് വിവിധ അക്കൗണ്ടുകളിലേക്കു പണം അയച്ചിരിക്കുന്നത്.