നവജാതശിശുവിന്റെ കൊലപാതകം: ആശയും രതീഷും വീണ്ടും ജയിലിലേക്ക്
1452032
Monday, September 9, 2024 11:46 PM IST
ചേര്‍ത്തല: നവജാതശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളായ അമ്മയെയും കാമുകനെയും തെളിവെടുപ്പിനുശേഷം വീണ്ടും ജയിലിലേക്കുമാറ്റി.
ഒന്നാം പ്രതിയായ പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാര്‍ഡ് കായിപ്പുറത്തു വീട്ടില്‍ ആശാ മനോജിനെയും (35), കാമുകന് രാജേഷാലയത്തില്‍ രതീഷിനെയു (39) മാണ് അന്വേഷണ സംഘം തെളിവുകള്‍ ശേഖരിക്കുന്നതിനായി കസ്റ്റഡിയില്‍ വാങ്ങിയത്. തെളിവു ശേഖരണം പൂര്‍ത്തിയാക്കി തിങ്കളാഴ്ച ഇരുവരെയും വീണ്ടും കോടതിയില്‍ ഹാജരാക്കി ജയലിലേക്കയച്ചു.
തെളിവെടുപ്പില്‍ യുവതിക്കൊപ്പം പ്രസവസമയത്തടക്കം ആശുപത്രിയിലുണ്ടായിരുന്ന ബന്ധുവായ യുവാവ് കുട്ടിയുടെ പിതൃത്വം സമ്മതിച്ചു പോലീസിനു മൊഴി നല്‍കിയിരുന്നു. ഇതോടെ ഒന്നും രണ്ടും പ്രതികളുടെയും മരിച്ച കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധന നിര്‍ണായകമാകും. കഴിഞ്ഞ 31ന് രാത്രി 8.30 യോടെയാണ് രതീഷ് തന്റെ വീട്ടിലെത്തിച്ച് കുട്ടിയെ ശ്വാസംമുട്ടിച്ചു കൊന്നത്. മൃതദേഹവും രതീഷിന്റെ വീട്ടില്‍നിന്നാണ് കണ്ടെടുത്തത്. എന്നാല്‍, കൊലപാതകത്തിനു പ്രേരണയും പിന്തുണയും നല്‍കിയത് അമ്മ ആശയായിരുന്നു. ഇരുവര്‍ക്കുമെതിരെ കൊലപാതകം അടക്കം ചുമത്തിയാണ് പോലീസ് കേസെടുത്തത്.
""ഒറ്റനോട്ടത്തിൽ ചങ്കിനകത്തൊരു
കൊള്ളിയാൻ മിന്നി...''
പൂച്ചാക്കൽ: "ലോകത്തേക്ക് തുറക്കും മുൻപേ മിഴിയടഞ്ഞുപോയ പൈതലിന്റെ ശരീരം ആദ്യം കണ്ടപ്പോഴേ ചങ്കിനകത്തൊരു കൊള്ളിയാൻ മിന്നിയിരുന്നു...’ പള്ളിപ്പുറത്ത് കഴിഞ്ഞയാഴ്ച ചോരക്കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തിൽ രണ്ടാം പ്രതി രതീഷിന്റെ വീട്ടിൽനിന്നു കുഞ്ഞിന്റെ മൃതദേഹം ആംബുലൻസിലേക്ക് എത്തിച്ച പോലീസ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റ് മനോവേദനയുടെ നേർസാക്ഷ്യമായി. ചേർത്തല പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സതീഷ് കടക്കരപ്പള്ളിയാണ് ഫേസ് ബുക്കിൽ അന്നത്തെ അനുഭവം കുറിച്ചത്.
‘കുഞ്ഞിനെ കാണാനില്ലെന്ന വിവരം ലഭിച്ചു മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ കണ്ടെത്തി അവരെ ചോദ്യം ചെയ്തപ്പോൾ കേട്ടത് സമാനതകളില്ലാത്ത ക്രൂരത. എങ്കിലും ഒട്ടും പതറാതെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഓഫീസർമാർക്കൊപ്പം, മൃതദേഹം സൂക്ഷിച്ചിരിക്കുന്നതായി പ്രതി പറഞ്ഞ ശുചിമുറിക്കു സമീപമെത്തി. വാതിലിനപ്പുറം ഇളംപൈതലിന്റെ നിശ്ചലദേഹം കണ്ടപ്പോൾ കരളൊന്നുപിടഞ്ഞെങ്കിലും ആദ്യാവസാനം ഇൻക്വസ്റ്റ് നടപടികൾക്കൊപ്പംനിന്നു.
എല്ലാം കഴിഞ്ഞ് കുഞ്ഞിന്റെ മൃതശരീരം ആരെടുക്കുമെന്ന ചോദ്യമുയർന്നപ്പോൾ ഒട്ടും മടി തോന്നിയില്ല. അവിടെനിന്നു കിട്ടിയ വെള്ള മുണ്ടിൽ പൊതിഞ്ഞെടുത്ത തണുത്ത് മരവിച്ച ദേഹം നെഞ്ചോട് ചേർക്കുമ്പോൾ തോന്നിയ നിർവികാരത മാറാൻ സമയമൊരുപാടെടുത്തു....’ ഇങ്ങനെ തുടരുന്ന കുറിപ്പ്. ‘ജനിച്ചതും മരിച്ചതും എന്തിനെന്നറിയാതെ മണ്ണിലലിഞ്ഞവനേ, നിനക്ക് പിൻഗാമികൾ ഉണ്ടാകാതിരിക്കട്ടെ’ എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.