എടത്വ ചങ്ങങ്കരി തോട്ടില്‍ പോള; ഗതാഗതവും നീരൊഴുക്കും നിലച്ചു
1452022
Monday, September 9, 2024 11:46 PM IST
എടത്വ: ചങ്ങങ്കരി കേളക്കൊമ്പ് തോട്ടില്‍ പോള അടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതവും നീരൊഴുക്കും തടസപ്പെട്ട നിലയില്‍. എടത്വ പഞ്ചായത്ത് 2, 3 വാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കൊട്ടാരം പാലം മുതല്‍ കേളക്കൊമ്പ് പടി വരെ ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് പോള നിറഞ്ഞ് ഗതാഗതവും നീരൊഴുക്കും തടസപ്പെട്ട് കിടക്കുന്നത്.
കഴിഞ്ഞ വെള്ളപ്പൊക്ക സീസണില്‍ പോള അടിഞ്ഞപ്പോള്‍ നാട്ടുകാര്‍ സംഘടിച്ച് പോള നീക്കം ചെയ്ത് ഗതാഗതവും നീരൊഴുക്കും പുനഃസ്ഥാപിച്ചിരുന്നു. വീണ്ടും ഒഴുകിയെത്തിയ പോളയാണ് ഗതാഗതം തടസപ്പെടുത്തിയത്. പ്രദേശത്തെ ഒട്ടുമിക്ക താമസക്കാരും ചെറുവള്ളങ്ങളും യമഹ ഘടിപ്പിച്ച വള്ളവുമാണ് ആശ്രയിക്കുന്നത്.
പോള നിറഞ്ഞതോടെ വള്ളത്തിന് കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയിലെത്തി. കാര്‍ഷിക സീസണ് ആരംഭിച്ചതോടെ പാടത്ത് വിത്ത്, വളം എന്നിവ എത്തിക്കേണ്ടതും തോട്ടിലൂടെയാണ്. ഇതുമൂലം കര്‍ഷകരും ഇനി ഏറെ പണിപ്പെടേണ്ടിവരും.
ഒഴുക്ക് തടസപ്പെട്ടതോടെ തോട്ടിലെ വെള്ളവും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. തോടിന്റെ ഇരുകരകളിലുമുള്ള നിരവധി താമസക്കാര്‍ തോട്ടിലെ വെള്ളമാണ് നിത്യാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. പോള നീക്കം ചെയ്ത് ഗതാഗതവും നീരൊഴുക്കും സുഗമമാക്കാനുള്ള നടപടി അടിയന്തരമായി ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.