മുഹമ്മ ദീപ്തി സ്പെഷൽ സ്കൂളിൽ അധ്യാപക ദിനാഘോഷം
1450901
Thursday, September 5, 2024 11:40 PM IST
മുഹമ്മ: ദീപ്തി സ്പെഷൽ സ്കൂളിൽ നടത്തിയ അധ്യാപകദിന ആഘോഷം വർണാഭമായി. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. മറ്റ് സ്കൂളുകളിലെ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരേക്കാൾ ശ്രമകരമായ ജോലിയാണ് സ്പെഷൽ സ്കൂളുകളിലെ അധ്യാപകർ ചെയ്യുന്നതെന്ന് സ്വപ്നാ ഷാബു പറഞ്ഞു. കരുണ കൊണ്ട് ജനമനസുകൾ കീഴടക്കിയ മദർ തെരേസയുടെ സ്മരണ തുളുമ്പുന്നതാണ് ഇത്തവണത്തെ അധ്യാപക ദിനമെന്ന് ലോക്കൽ മാനേജർ മദർ റെമി റോസ് പറഞ്ഞു.
താലമേന്തിയും കത്തിച്ച തിരികൾ നൽകിയുമാണ് കുട്ടികൾ അധ്യാപകരെ വരവേറ്റത്. രക്ഷാകർത്താക്കൾ അധ്യാപകരെ ഹാരമണിയിച്ച് ആദരിച്ചു. സ്വപ്ന ഷാബു അധ്യാപകർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. ലോക്കൽ മാനേജർ മദർ റെമി റോസ്, പ്രിൻസിപ്പൽ സി. ജോസ്ന, പിടിഎ പ്രതിനിധി സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.