മാന്നാർ മഹാത്മാഗാന്ധി ജലോത്സവം 19ന്
1450623
Wednesday, September 4, 2024 11:56 PM IST
മാന്നാർ: മഹാത്മാഗാന്ധി ജലോൽസവം 19ന് 2.30 മുതൽ പമ്പയാറ്റിൽ കൂര്യത്ത് കടവിലുള്ള മാന്നാർ മഹാത്മാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും.
കൊടിക്കുന്നിൽ സുരേഷ് എംപി പതാക ഉയർത്തും. ജലമേളയോടനുബന്ധിച്ച് നടക്കുന്ന സമ്മേളനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ജലോത്സവസമിതി ജനറൽ കൺവീനർ അഡ്വ.എൻ.ഷൈലാജ് അധ്യക്ഷത വഹിക്കും.
ജലലോഷയാത്ര മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ സുവനീർ പ്രകാശനം ചെയ്യും. മത്സര വിജയികൾക്ക് ആന്റോ ആന്റണി എംപി സമ്മാനങ്ങൾ വിതരണം ചെയ്യും.
കേരളത്തിലെ പ്രശസ്തങ്ങളായ കളിവള്ളങ്ങൾ പങ്കെടുക്കുന്ന ജലമേളയിൽ തൊട്ടടുത്ത കരകളിലെ നിരണം, വീയപുരം, മേൽപാടം, കടവിൽ എന്നീ ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 12 ചുണ്ടൻ വളങ്ങളും മണലി, പുന്നത്ര വെങ്ങാഴി, നവജ്യോതി, പട്ടേരിപുരയ്ക്കൽ, ഷോട്ട്, അമ്പലക്കടവൻ എന്നീ വെപ്പ് വള്ളങ്ങൾ ഉൾപ്പെടെ ഒൻപത് വെപ്പ് വള്ളങ്ങളും മറ്റ് ചെറുവള്ളങ്ങളും പങ്കെടുക്കും.