റോഡ് നിർമാണത്തിനു തുടക്കം
1444117
Sunday, August 11, 2024 11:20 PM IST
അമ്പലപ്പുഴ: 1.46 കോടി രൂപ ചെലവില്‍ പൊതുമരാമത്തുവകുപ്പ് നിര്‍മിക്കുന്ന റോഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഒഴുവത്തറ നാല്പ്പത്തിയഞ്ചില് റോഡിന്റെ നിര്‍മാണത്തിനാണ് തുടക്കമായത്. 700 മീറ്റര്‍ നീളത്തിലും 4 മീറ്റര്‍ വീതിയില്‍ ബി എം-ബിസി നിലവാരത്തില്‍ പൂര്‍ത്തിയാക്കുന്ന റോഡിന് ആവശ്യമുള്ള ഇടങ്ങളില്‍ ഇരുഭാഗത്തും സംരക്ഷണഭിത്തി, പൈപ്പ് കൾവര്‍ട്ടുകള്‍, റോഡ് സുരക്ഷാ ഉപകരണങ്ങളുമുണ്ടാകും. മണ്ഡലത്തിലെ പഞ്ചായത്ത് പരിധിയില്‍ 21 റോഡുകള്‍ക്കും പത്തു പാര്ശ്വറോഡുകള്ക്കുമായി 25 കോടി രൂപയാണ് അനുവദിച്ചത്. എച്ച്. സലാം എംഎല്‍എ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു.
കട്ടക്കുഴിക്കു സമീപത്തെ പട്ടന്റെപറമ്പ് ഗോപാലകൃഷ്ണന്റെ വസതിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി രമേശന്, സ്ഥിരം സമിതി അധ്യക്ഷരായ കെ സിയാദ്, എസ് ശ്രീലേഖ, അപര്‍ണ സുരേഷ്, അംഗം സി ശ്രീകുമാര്‍, സിപിഐ എം അമ്പലപ്പുഴ കിഴക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജി. ഷിബു, പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്റ് എന്‍ജിനിയര്‍ എസ്. ബിനുമോന് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലന് സ്വാഗതം പറഞ്ഞു.