യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ആക്രമിച്ച പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണം: വി.ഡി. സതീശൻ
1443782
Sunday, August 11, 2024 2:28 AM IST
കായംകുളം: പുലര്‍ച്ചെ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ആക്രമിച്ച പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
സിപിഎം ഗുണ്ടാസംഘമായി മാറിയ പോലീസിലെ ക്രിമിനലുകളെ സർക്കാർ നിലയ്ക്കുനിര്‍ത്തണം. ദേശീയപാതയില്‍ ഉയരപ്പാത നിര്‍മിക്കണമെന്ന ജനകീയ ആവശ്യം ഉന്നയിച്ച് സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വീട് ആക്രമിച്ച പോലീസ് നടപടി അംഗീകരിക്കാനാകില്ല.
ഇന്നലെ പുലര്‍ച്ചെ രണ്ടിനാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഗുണ്ടാ- ക്വട്ടേഷന്‍ സംഘങ്ങളെ പോലെ പോലീസ് അതിക്രമിച്ച് കയറിയത്. കായംകുളം നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് റിയാസ് മുണ്ടകത്തില്‍, ഹാഷിം സേട്ട് ഉള്‍പ്പെടെയുള്ള നേതാക്കളുടെ വീടുകളിലാണ് സംഘം എത്തിയത്.
സിവില്‍ വേഷത്തിലെത്തിയ പോലീസുകാര്‍ വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് ഹാഷിം സേട്ടിനെ അറസ്റ്റ് ചെയ്തശേഷം പോലീസ് വാഹനത്തില്‍ ഒരു മണിക്കൂറോളം നഗരം ചുറ്റി മര്‍ദിച്ചു. പോലീസിനെ ആക്രമിച്ചെന്ന കള്ളക്കേസ് ചുമത്തിയാണ് വീട് കയറിയുള്ള ആക്രമണവും അറസ്റ്റും.
ഏത് സിപിഎം നേതാവിന്റെ നിര്‍ദേശ പ്രകാരമാണ് ഈ ഗുണ്ടാപ്പണി ചെയ്തതെന്ന് പോലീസും വ്യക്തമാക്കണം. സിപിഎം നേതാക്കളുടെ ഗുണ്ടാസംഘമായി കേരളത്തിലെ പോലീസ് അധഃപതിക്കരുത്. ക്രിമിനലുകളായ പോലീസുകാരെ നിലയ്ക്ക് നിര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി ഇനിയെങ്കിലും തയാറാകണം. എക്കാലവും ഭരണകൂടത്തിന്റെ സംരക്ഷണയില്‍ കഴിയാമെന്ന് ക്രിമിനലുകളായ പോലീസുകാരും കരുതരുത്.
കായംകുളത്തെ അക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പോലീസ് ക്രിമിനലുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. മുഖ്യമന്ത്രി ആഹ്വാനം ചെയ്ത രക്ഷാപ്രവര്‍ത്തനം തുടരാനാണ് പോലീസിലെ ക്രിമിനലുകളും തീരുമാനിച്ചിരിക്കുന്നതെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഓര്‍മിപ്പിക്കുന്നതായും വി.ഡി. സതീശൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.