കയര്‍മേഖലയില്‍ തൊഴിലാളികള്‍ സമരത്തിലേക്ക്: ആദ്യം ഉപവാസസമരം
1443777
Sunday, August 11, 2024 2:28 AM IST
ചേര്‍ത്തല: കയര്‍മേഖലയിലെ പ്രതിസന്ധിക്കു പരിഹാരമാവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂല കയര്‍ സംഘടനകളും കയര്‍ സംഘങ്ങളും സമരം പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ പത്തിനു കയര്പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ഏകദിന ഉപവാസ സമരത്തോടെയാണ് തുടക്കം.
സിഐടിയു ഒഴിച്ചുള്ള മേഖലയിലെ സംഘടനകളുമായി ചേര്‍ന്നുള്ള സമരവും കേരള കയര്‍ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കയര്‍ ലേബര്‍ യൂണിയനും (ഐഎന്‍ടിയുസി) ലക്ഷ്യമിടുന്നുണ്ട്. ചേര്‍ത്തല ടൗണ്‍ എന്‍എസ്എസ് കരയോഗം ഓഡിറ്റോറിയത്തില്‍ നടന്ന സമരപ്രഖ്യാപന സമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു.
കയറില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ സങ്കടമകറ്റാന്‍ കഴിയാത്ത സര്‍ക്കാരിനു പാവപ്പെട്ടവന്റെ പ്രതിനിധികളെന്ന അവകാശവാദം ചേരില്ലെന്ന് അദ്ദേഹം പറഞ്ഞു. കയര്ത്തൊഴിലാളിക്കു കൂലി നിഷേധിക്കുയും അവര്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കു വിലകല്‍പ്പിക്കാത്തവരും തൊഴിലാളിവര്‍ഗ സിദ്ധാന്തം പറയുന്നത് അംഗീകരിക്കാനാകില്ല. കയര്ത്തൊഴിലാളിക്കായി കോണ്‍ഗ്രസ് പോരാടുമെന്നും അതിന്റെ ആദ്യപടിയാണീ സമരകാഹളമെന്നും അദ്ദേഹം പറഞ്ഞു.
കയര്‍ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.ആര്. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി. കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോള്‍ ഉസ്മാന്, നേതാക്കളായ സി.കെ. ഷാജിമോഹന്‍, എസ്. ശരത്, എ.കെ. രാജന്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ജി. ബൈജു, എം. അനില്‍കുമാര്‍, ടി.എസ്. ബാഹുലേയന്, എം.ജി. സാബു, കെ.പി. ആഘോഷ് കുമാര്‍, സി.ആര്. സാനു, എം. സുമന്ത്രന്‍, ഡിസിസി ബ്ലോക്ക് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.