ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ
1443488
Saturday, August 10, 2024 12:00 AM IST
മാന്നാർ: വഴിയരികിൽനിന്നയാളെ മർദിച്ച് ഫോണും പണവും കവർന്ന രണ്ടുപേർ പിടിയിൽ. പൊടിയാടി ഏക്കര തെക്കേതിൽ പൊറോട്ട രാജേഷ് എന്നു വിളിക്കുന്ന രാജേഷ്കുമാർ (40), നെടുമ്പ്രം പൊടിയാടി പടിഞ്ഞാശേരിൽ വീട്ടിൽ കൊച്ചുമോൻ എന്നുവിളിക്കുന്ന പി.വി. ശിവാനന്ദൻ (56) എന്നിവരാണ് അറസ്റ്റിലായത്.
അമ്പലപ്പുഴയിൽ ബലിതർപ്പണം കഴിഞ്ഞ് വഴിതെറ്റി റോഡരികിൽ സ്കൂട്ടറുമായി നിന്നയാളെ മർദിച്ചശേഷം മൊബൈൽ ഫോൺ കവർന്ന സംഭവത്തിലെ പ്രതികളെയാണ് പുളിക്കീഴ് പോലീസ് പിടികൂടിയത്. പുളിക്കീഴ് പാലത്തിനു വടക്കുവശം റോഡരികിൽ സ്കൂട്ടറുമായിനിന്ന വള്ളംകുളം സ്വദേശി രാജീവനെ മർദിച്ച് അവശനാക്കിയശേഷം ഫോൺ പിടിച്ചുപറിച്ചുകടന്ന സംഭവത്തിലാണ് ഇവർ പിടിയിലായത്.
ആശുപത്രിയിൽ ചികിത്സതേടിയശേഷം പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് രാജീവന്റെ വീട്ടിലെത്തി മൊഴിരേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.
തുടർന്ന് പോലീസ് ഇൻസ്പെക്ടർ അജിത് കുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഒന്നാംപ്രതി രാജേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. ഇയാൾ പുളിക്കീഴ് സ്റ്റേഷനിൽ അഞ്ചുകേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.