മാക്കേക്കടവ് പാലത്തിനു പുതുജീവൻ
1443168
Thursday, August 8, 2024 11:34 PM IST
പൂചാക്കൽ: നിർമാണം പാതിവഴിയിൽ നിർത്തിയ മാക്കേക്കടവ്-നേരെകടവ് പാലത്തിനു പുതുജീവൻ. നിർമാണം പുനരാരംഭിച്ചശേഷം നിർമിച്ച ആദ്യബീം സ്ഥാപിക്കൽ ഇന്നലെ നടന്നു. മാക്കേക്കടവ് ഭാഗത്ത് കായലിൽ പടിഞ്ഞാറുള്ള പൈലിലും കരയിലുള്ള ഇന്നലെ ബീം സ്ഥാപിച്ചത്. ഒരു ബീമാണ് നിർമാണം പൂർത്തിയായിരിക്കുന്നത്.
രണ്ടെണ്ണത്തിന്റെ നിർമാണം തുടങ്ങിയിട്ടുണ്ട്. രണ്ടു പൈലുകൾക്കിടെ നാലു ബീമുകളാണ് സ്ഥാപിക്കുക. ലോഞ്ചിംഗ് ഗർഡർ സ്ഥാപിച്ച് ഇതിലൂടെ യന്ത്രസഹായത്തോടെയാണ് ബീം എത്തിച്ച് സ്ഥാപിച്ചത്. മാക്കേക്കടവിൽ കരയിലാണ് ബീം നിർമിച്ചത്.
35 മീറ്റർ നീളവും 80 ടൺ ഭാരവുമാണ് ഒരു ബീമിനുള്ളത്. മൂന്നുമാസം മുൻപ് പുനർനിർമാണം തുടങ്ങിയശേഷം ഒരു ബീമാണ് ആകെ നിർമിക്കാനായത്. സ്ഥല - സൗകര്യ പ്രശ്നമുണ്ടെന്നു നേരത്തെ കരാറുകാർ വ്യക്തമാക്കിയിരുന്നു.
ആകെ 80 ബീമുകളാണ് നിർമിക്കാനുള്ളത്. എല്ലാം മാക്കേക്കടവിൽ കരയിലാണ് നിർമിക്കുക. നേരത്തെ എട്ടു നാവിഗേഷൻ ബീമുകൾ കായലിന്റെ നടുക്കായി സ്ഥാപിച്ചിരുന്നു. ദേശീയ ജലപാത പ്രദേശമായതിനാൽ വലിയ ജലവാഹനങ്ങൾക്കും കടന്നു പോകാനുള്ള സൗകര്യത്തിനാണ് നാവിഗേഷൻ ബീം ചെയ്തിരിക്കുന്നത്.
ഒരു ബീം വാർത്താൽ അത് ഉറയ്ക്കാൻ ഒരു മാസത്തോളം സമയമെടുക്കും. അതിനു ശേഷമാണ് സ്ഥാപിക്കാനാകുക. പാലം നിർമാണം പൂർത്തിയാക്കാൻ രണ്ടു വർഷം വേണമെന്നാണ് വിലയിരുത്തൽ. ബീമുകൾ നിർമിക്കുന്നത് വൈകിയാൽ നിർമാണം പൂർത്തിയാകലും വൈകും. ബീമുകളുടെ നിർമാണം വേഗത്തിലാക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളും നടപടികളും അധികൃതർ ചെയ്യണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.