യുവാവിനെ ആക്രമിച്ച കേസിൽ പിടിയിലായ ആൾ പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു
1442871
Wednesday, August 7, 2024 11:21 PM IST
തിരുവല്ല : തിരുവല്ല നഗരത്തിലെ ബാർ പരിസരത്തുണ്ടായ അടിപിടിക്കിടെ യുവാവിനെ ആക്രമിച്ച സംഭവത്തിൽ കസ്റ്റഡിയിലായിരുന്നയാൾ പോലീസ് സ്റ്റേഷനിൽനിന്നു രക്ഷപ്പെട്ടു. കുറ്റപ്പുഴ പാപ്പിനിവേലിൽ സുബിൻ അലക്സാണ്ടറാണ് (28) ചൊവ്വാഴ്ച രാത്രി പത്തോടെ തിരുവല്ല പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടത്. കുറ്റപ്പുഴ അമ്പാടിവീട്ടിൽ കണ്ണൻ സവീഷ് സോമനെ (കണ്ണൻ, 35 ) ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ച സംഭവത്തിലാണ് സുബിൻ ചൊവ്വാഴ്ച വൈകുന്നേരം പോലീസിന്റെ പിടിയിലായത്.
തിരുവല്ല നഗരമധ്യത്തിലെ ബാർ പരിസരത്ത് വൈകുന്നേരം ആറോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാറിൽനിന്നും മദ്യപിച്ചിറങ്ങിയ സുബിൻ മറ്റാരെയോ ഫോൺ ചെയ്യാനായി സവീഷിന്റെ മൊബൈൽ ഫോൺ വാങ്ങി. തുടർന്ന് മൊബൈൽ ഫോൺ തിരികെ നൽകണമെങ്കിൽ 3000 രൂപ തനിക്ക് തരണമെന്ന് സുബിൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് അടിപിടിയിലും ആക്രമണത്തിലും കലാശിച്ചത്.
വൃഷണത്തിൽ ഗുരുതര പരിക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ബാർ പരിസരത്തുനിന്നും കസ്റ്റഡിയിലെടുത്ത സുബിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയിരുന്നു. വീടു കയറിയുള്ള ആക്രമണം അടക്കം ഒട്ടനവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സുബിനെ 2023ൽ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു.
കാപ്പാ കാലാവധി കഴിഞ്ഞ് തിരികെ നാട്ടിലെത്തിയ സുബിൻ വീണ്ടും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുബിനെ കസ്റ്റഡിയിലെടുത്തെങ്കിലും രാത്രി പത്തരയോടെയാണ് സവീഷിന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും കേസെടുക്കും മുമ്പാണ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന സുബിൻ രക്ഷപ്പെട്ടതെന്നും ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും എസ്എച്ച്ഒ ബി.കെ. സുനിൽ കൃഷ്ണൻ പറഞ്ഞു.