വയനാടിനെ ദേശീയ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിക്കണം: കൊടിക്കുന്നിൽ സുരേഷ് എംപി
1442038
Sunday, August 4, 2024 10:50 PM IST
ചെങ്ങന്നൂർ: സമീപകാലങ്ങളിൽ കേരളം കടന്നുപോയ ഏറ്റവും തീവ്രമായ ദുരന്തമായ ഉരുൾപൊട്ടൽ സംഭവിക്കുകയും നൂറുകണക്കിന് ജീവനുകൾ പൊലിയുകയും വൻതോതിൽ നാശനഷ്ടം സംഭവിക്കുകയും ചെയ്ത നിരവധി തവണ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ദുരന്തങ്ങൾ സംഭവിച്ച വയനാടിനെ ദേശീയ ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവർക്ക് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ദുരിതാശ്വാസം തികച്ചും അപര്യാപ്തമാണെന്നും 10000 കോടി രൂപയുടെയെങ്കിലും സമ്പൂർണ പുനരധിവാസ പാക്കേജാണ് കേന്ദ്രസർക്കാർ പ്രഖ്യാപിക്കേണ്ടതെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചതുകൊണ്ടു മാത്രം വയനാടിന്റെ നേർക്കുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല എന്നും, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപയും പരുക്കേറ്റവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയെങ്കിലും നൽകുക, ദുരന്തത്തിൽപ്പെട്ടവർക്ക് വീട്, കുടുംബത്തിൽ ഒരാൾക്കെങ്കിലും സർക്കാർ ജോലി, നിലവിലുള്ള കാർഷിക, വിദ്യാഭ്യാസ, കടങ്ങൾ പൂർണമായും എഴുതിത്തള്ളൽ, അനാഥരായവരെ സംരക്ഷിക്കാൻ വേണ്ട പദ്ധതികൾ, അവരുടെ ഭാവി വിദ്യാഭ്യാസം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള സമ്പൂർണവും സമഗ്രവുമായ പാക്കേജാണ് വേണ്ടതെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.