ഇലക്ട്രിക് പോസ്റ്റുകൾ വീണു; ഒഴിവായത് വൻ ദുരന്തം
1441729
Sunday, August 4, 2024 1:21 AM IST
മങ്കൊമ്പ്: രണ്ടാഴ്ച മുൻപ് കെഎസ്ഇബി സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റുകൾ നടുറോഡിലേക്കു വീണത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. നൂറുകണക്കിനാളുകളും നിരവധി വാഹനങ്ങളും കടന്നുപോകുന്ന റോഡിൽ ഭാഗ്യംകൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. കാവാലം മങ്കൊമ്പ്-കുന്നുമ്മ വികാസ് മാർഗ് റോഡിൽ തിരുവിളങ്ങാട് ക്ഷേത്രത്തിനു സമീപത്തെ മൂന്നു ഇലക്ട്രിക് പോസ്റ്റുകളാണ് ശനിയാഴ്ച പുലർച്ചെ വീണത്. ശക്തിയായ കാറ്റോ, മറ്റു പ്രതികൂല സാഹചര്യങ്ങളോ ഇല്ലാതെയാണ് പോസ്റ്റുകൾ റോഡിലേക്കു പതിച്ചത്.
കർക്കടകവാവു ദിവസമായ ഇന്നലെ പുലർച്ചെ മുതൽ തിരുവിളങ്ങാട് ക്ഷേത്രത്തിൽ ബലിതർപ്പണത്തിൽ പങ്കെടുക്കാൻ നൂറുകണക്കിനാളുകളാണ് എത്തിയത്. കമ്പികളൊന്നും പൊട്ടാതെയാണ് പോസ്റ്റുകൾ റോഡിലേക്കു വീണത്. ഇതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കെഎസ്ഇബി അധികൃതരെ അറിയിച്ചതോടെയാണ് വൈദ്യുതി ബന്ധം വിഛേദിച്ചത്.
അല്ലായിരുന്നുവെങ്കിൽ നിരവധിയാളുകൾ അപകടത്തിൽ പെടുമായിരുന്നു. പുലർച്ചെ മുതൽ ക്ഷീരകർഷകർ, ജോലികൾക്കായി ദൂരെ സ്ഥലങ്ങളിലേക്കു പോകുന്നവർ, പത്രവിതരണക്കാർ, പ്രഭാത നടത്തക്കാർ തുടങ്ങി നിരവധിയാളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
കാറ്റിൽ മരം വീണതിനെത്തുടർന്ന് രണ്ടാഴ്ച മുൻപ് ഇവിടെ പോസ്റ്റുകൾ ഒടിഞ്ഞുവീണിരുന്നു. ഇതേത്തുടർന്ന് മാറ്റിയിട്ട പോസ്റ്റുകളാണ് ഇപ്പോൾ വീണത്. വെള്ളക്കെട്ടു നിറഞ്ഞ പാടത്ത് കേവലം രണ്ടടി മാത്രം ആഴത്തിലാണ് പോസ്റ്റുകൾ കുഴിച്ചിട്ടതെന്നു പ്രദേശവാസികൾ ആരോപിക്കുന്നു.
സുരക്ഷിതമായ സ്റ്റേ വയറുകളും സ്ഥാപിച്ചിരുന്നില്ലെന്നാണ് പരാതി. ഇതു ഗുരുതരമായ അനാസ്ഥയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. മഴക്കാലത്ത് വെള്ളക്കെട്ടു മൂലം നൂറുകണക്കിനു കുടുംബങ്ങൾക്ക് റോഡിലൂടെയുള്ള യാത്ര തടസപ്പെടും. ഇന്നലെ വൈകുന്നേരത്തോടെ കെഎസ്ഇബി അധികൃതരെത്തി പോസ്റ്റുകൾ പുനഃസ്ഥാപിച്ചെങ്കിലും വേണ്ടത്ര സുരക്ഷിതമല്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.