നെഹ്റു ട്രോഫി ഭാഗ്യചിഹ്നം ‘നീലു’
1437637
Sunday, July 21, 2024 2:08 AM IST
ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊന്മാന് നീലു എന്ന് പേരിട്ടു. എന്‍ടിബിആര്‍ സൊസൈറ്റി ചെയര്‍പേഴ്സണ്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസാണ് നീലു എന്ന പേര് പ്രഖ്യാപിച്ചത്. പേര് പതിച്ച ഭാഗ്യചിഹ്നം സിനിമാതാരം ഗണപതി ഏറ്റുവാങ്ങി.
ഭാഗ്യചിഹ്നത്തിന്റെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങിലൂടെ കേരളത്തിന്റെ ആവേശമായ നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായി സന്തോഷിക്കുന്നിതായി പേര് പതിച്ച ഭാഗ്യചിഹ്നം ഏറ്റുവാങ്ങിക്കൊണ്ട് ഗണപതി പറഞ്ഞു. ആലപ്പുഴയും ആലപ്പുഴക്കാരും ഏറെ പ്രിയപ്പെട്ടതാണെന്നും ഗണപതി പറഞ്ഞു.
പേരിനുള്ള എന്‍ട്രികള്‍ തപാല്‍ മുഖേനയാണ് ക്ഷണിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ലഭിച്ച 609 എന്‍ട്രികള്‍ ലഭിച്ചു.
നീലു എന്ന പേര് 33 പേര് നിര്‍ദേശിച്ചു. ഇവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് മലപ്പുറം പുത്തൂര്‍പള്ളിക്കല്‍ സ്വദേശി വിദ്യാര്‍ഥിയായ കീര്‍ത്തി വിജയനെ വിജയിയായി പ്രഖ്യാപിച്ചത്.
വിജയിക്ക് ആലപ്പുഴ മുല്ലയ്ക്കല് നൂര്‍ ജ്വല്ലറി നല്കുന്ന സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കും.