ചികിത്സാ നിഷേധം നടത്തി ഹൗസ് സർജന്മാർ
1437636
Sunday, July 21, 2024 2:08 AM IST
അന്പലപ്പുഴ: “ചികിത്സിക്കാൻ ഞങ്ങൾക്ക് സൗകര്യമില്ല’’ പറയുന്നത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൗസ് സർജൻമാർ. വാഹനാപകടത്തിൽ പരിക്കേറ്റ് കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തിലെത്തിച്ച യുവാവിന്റെ ബന്ധുക്കളോടാണ് ഹൗസ് സർജൻമാർ ഇങ്ങനെ പറഞ്ഞത്.
രാത്രികാലങ്ങളിൽ അത്യാഹിത വിഭാഗങ്ങളിൽ മുതിർന്ന ഡോക്ടർമാരാരും കാണാറില്ലെന്ന പരാതിയുണ്ട്. യുവാവിനെ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചപ്പോഴും ഹൗസ് സർജൻമാർ മാത്രമാണുണ്ടായിരുന്നത്.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്കും ചികിത്സാപ്പിഴവുകൾ മൂലമുണ്ടാകുന്ന മരണങ്ങൾ ഒഴിവാക്കാനുമായി നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടെങ്കിലും ഇവയിലൊന്നു പോലും പ്രാവർത്തികമായില്ല. എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ മന്ത്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും തയാറായിട്ടില്ല. അത്യാഹിത വിഭാഗങ്ങളിൽ മുതിർന്ന ഡോക്ടർമാരുടെ സേവനം ലഭിക്കാത്തത് പലപ്പോഴും സംഘർഷത്തിനും കാരണമാകാറുണ്ട്.