ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി
1437363
Friday, July 19, 2024 10:50 PM IST
ആലപ്പുഴ: ജോണ്‍സ് അംബ്രല്ല- കരിക്കംപള്ളില്‍ അഡ്വ. കെ.ടി. മത്തായി മെമ്മോറിയല്‍ ഓള് കേരള ഇന്‍വിറ്റേഷന്‍ ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി. ആലപ്പുഴ വൈഎംസിഎ സംഘടിപ്പിക്കുന്ന ത്രിദിന ടൂര്‍ണമെന്റ് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പി.ഒ. ഫിലിപ്പ് മെമ്മോറിയല്‍ ഇന്‍ഡോര്‍ ബാസ്കറ്റ്ബോള്‍ കോംപ്ലക്സില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിഡന്റ് മൈക്കിള്‍ മത്തായി അധ്യക്ഷത വഹിച്ചു. കുടുംബാംഗങ്ങള്‍ക്കുവേണ്ടി എവര്‍റോളിംഗ് ട്രോഫികള്‍ കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബയോഗം പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിക്കു കൈമാറി.
ആലപ്പി ഡിസ്ട്രിക്ട് ബാസ്കറ്റ്ബോള്‍ അസോസിയേഷന് (എഡിബിഎ) പ്രസിഡന്റ് ജേക്കബ് ജോസഫ് മുഖ്യപ്രഭാഷണവും വൈസ് പ്രസിഡന്റ് അഡ്വ. പ്രിയദര്ശന് തമ്പി അനുസ്മരണ പ്രഭാഷണവും നടത്തി. ടി. സിദ്ധിക് എംഎല്‍എ, എ.എ. ഷുക്കൂര്‍, കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന് (കെബിഎ) ലൈഫ് പ്രസിഡന്റ് പി.ജെ. സണ്ണി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ജെ. ജോസഫ്, വൈഎംസിഎ ജനറല്‍ സെക്രട്ടറി ഏബ്രഹാം കുരുവിള, സ്പോര്‍ട്സ് ഡയറക്ടര്‍ ജോണ്‍ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എഡിടിടിഎ സെക്രട്ടറി കൃഷ്ണന് വേണുഗോപാല്‍, ഡയറക്ടര്‍ റോണി മാത്യു തുടങ്ങിയവര്‍ മത്സരങ്ങള്‍ക്കു നേതൃത്വം നല്കി.
ജ്യോതിനികേതന്‍ ആദ്യ ജയം
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴ ജ്യോതിനികേതന്‍, കോട്ടയം മൗണ്ട് കാര്‍മലിനെയും (63-40), കൊല്ലം ഓക്സ്ഫോര്‍ഡ്, ആലപ്പുഴ സെന്റ് ജോസഫ്സിനെയും (54-44), ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊരട്ടി ലിറ്റില്‍ ഫ്ളവര്‍, ആലപ്പുഴ ജ്യോതിനികേതനെയും (56-39), പന്തല്ലൂര്‍ ഗവ. സ്പോര്‍ട്സ്, കോഴിക്കോട് സില്‍വര്‍ ഹില്‍സിനെയും (62-58) തോല്‍പ്പിച്ചു. ജയിച്ചവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.