ദേശീയപാതയിൽ കെഎസ്ആർടിസി ബസിനുനേരേ കല്ലേറ്
1436845
Wednesday, July 17, 2024 11:35 PM IST
അമ്പലപ്പുഴ: പുറക്കാട് ദേശീയപാതയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിനുനേരെ കല്ലേറ്. ഡ്രൈവർക്കു പരിക്ക്. ബുധനാഴ്ച ഉച്ചയ്ക്ക് പുറക്കാട് എസ്എൻഎം ഹയർ സെക്കൻഡറി സ്കൂളിന് വടക്കു ഭാഗത്തായിരുന്നു സംഭവം. എറണാകുളത്തുനിന്ന് കരുനാഗപ്പള്ളിയിലേക്കു പോയ ബസായിരുന്നു. ബൈക്കിലെത്തിയ രണ്ടു പേരിൽ പിൻസീറ്റിലിരുന്നയാൾ കല്ലെറിയുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞതായി സമീപ വാസികൾ പറയുന്നു.
ഡ്രൈവർ സലിമിന് ചില്ല് കൈയിൽ തെറിച്ചു വീണ് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 60 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവർക്കാർക്കും പരിക്കില്ല. കല്ലേറിൽ ബസിന്റെ മുൻ ഭാഗത്തെ ചില്ല് പൂർണമായും തകർന്നു. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.