റോഡിൽ മുട്ടറ്റം വെള്ളം, യാത്ര ദുരിതം
1436843
Wednesday, July 17, 2024 11:35 PM IST
അമ്പലപ്പുഴ: ഇത് തോടല്ല റോഡാണ്. ഇതിലൂടെ യാത്ര ചെയ്യണമെങ്കില്‍ വള്ളം വേണം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 12-ാം വാര്‍ഡ് കമ്പിവളപ്പ് പ്രദേശത്തെ പ്രധാനപാതയായ ഖാദിരിയ്യ റോഡാണിത്. ഒരു പതിറ്റാണ്ടിലേറെയായി റോഡ് തോടായി മാറി സഞ്ചാരയോഗ്യമല്ലാതായിട്ട്.
ഇപ്പോഴും അധികാരികള്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. പ്രദേശത്തുകാരുടെ ഏക യാത്രാമാര്‍ഗമാണ് ഇത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി, ദേശീയ പാത, സ്കൂള്‍, കോളജുകള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെത്താന്‍ പ്രദേശത്തെ മൂന്നൂറിലധികം കുടുംബങ്ങളാണ് ഈ പാതയെ ആശ്രയിക്കുന്നത്.
നാനൂറോളം കുട്ടികള്‍ പഠിക്കുന്ന മദ്രസ, നിരവധി കുട്ടികളുള്ള അങ്കണവാടി എന്നിവയും ഈ പാതയോരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അങ്കണവാടിയിലേക്ക് കുട്ടികള്‍ക്ക് എത്താന്‍ കഴിയാത്തതു മൂലം ഇത് അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. മഴക്കാലത്താണ് ദുരിതമേറെയും.
മുട്ടറ്റം വരെ റോഡില്‍ വെള്ളം നിറയും ഇത് അറിയാതെ കാല് നടയായും വാഹനത്തിലെത്തുന്നവരും അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്. കാപ്പിതോട്ടില്നിന്നുള്ള മലിനജലം റോഡിലേക്ക് ഒഴികിയെത്തി കെട്ടിക്കിടക്കുന്നതിനാല്‍ ഇതുവഴി പോകുന്നവര്‍ക്ക് തൊക്ക് രോഗങ്ങളും പിടിപെടുന്നുണ്ട്.
കൂടാതെ വഴിവിളക്കുകളും പ്രകാശിക്കാത്തത് കനത്ത ഇരുട്ടടിയാണ് സമ്മാനിക്കുന്നത്.
റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടത്തിയെങ്കിലും ഫലം കണ്ടില്ല.
ജനപ്രതിനിധികളടക്കം അധികാരികള്‍ക്ക് നിരവധി തവണ നിവേദനങ്ങളും നല്കി. ഒടുവില്‍ എച്ച്. സലാം എംഎല്‍എ 1.75 കോടി രൂപ നവീകരണത്തിനായി അനുവധിച്ച് കണക്കെടുപ്പ് കഴിഞ്ഞെങ്കിലും യാതൊരു തുടര്‍നടപടികളും ഉണ്ടായിട്ടില്ല. മാത്രമല്ല എസ്റ്റിമേറ്റില്‍ മഴവെള്ളം ഒഴുക്കികളെയാന് ഓടയില്ലന്നും പറയുന്നു.
അങ്ങനെയെങ്കില്‍ പ്രദേശത്ത് വെള്ളകെട്ടും രൂക്ഷമാകും. ഓട നിര്‍മിച്ച് റോഡ് ഉയര്‍ത്തി ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇനിയും ശാത്രീയമായി റോഡ് നവീകരണം നടത്തിയില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അല്‍ത്താഫ് സുബൈര്‍ മുന്നറിയിപ്പു നല്കി.