സുഹൃത്തിന്റെ മകളോട് അപമര്യാദയായി പെരുമാറിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
1430946
Sunday, June 23, 2024 5:04 AM IST
അമ്പലപ്പുഴ: പതിനാറു വയസുകാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് ചിറയിൽ വീട്ടിൽ ശ്രീകുമാർ (51)ആണ് അറസ്റ്റിലായത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ശ്രീകുമാർ നടത്തുന്ന കമ്പ്യൂട്ടർ സെന്ററിലെത്തിയ ഇയാളുടെ സുഹൃത്തിന്റെ മകളെയാണ് ശ്രീകുമാർ കടന്നുപിടിച്ചത്.
കഴിഞ്ഞ 16 നായിരുന്നു സംഭവം. പ്ലസ് വൺ അലോട്ട്മെന്റ് പരിശോധിക്കാൻ കമ്പ്യൂട്ടർ സെന്ററിലെത്തിയതായിരുന്നു കുട്ടി. ഈ സമയം സെന്ററിൽ മറ്റാരുമുണ്ടായിയിരുന്നില്ല. സംഭവം ബന്ധുവിനെ അറിയിച്ച കുട്ടിയെക്കുറിച്ച് ഇയാൾ പിന്നീട് അപവാദങ്ങൾ പ്രചരിപ്പിച്ചു. ഇതിനിടെ വിഷയം ഒത്തുതീർപ്പാക്കാൻ പ്രാദേശിക ബിജെപി നേതാക്കന്മാർ ഇടപെട്ടതായി സമീപവാസികൾ പറഞ്ഞു. എന്നാൽ, ബന്ധുക്കൾ അമ്പലപ്പുഴ പോലീസിനു നൽകിയ പരാതിയിൽ ഉറച്ചുനിന്നതോടെയാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്.
അമ്പലപ്പുഴയിലുൾപ്പെടെയുള്ള ബിജെപി പ്രവർത്തകർക്ക് മുദ്രാ ലോൺ ലഭ്യമാക്കുന്നതുൾപ്പെടെയുള്ള സേവനങ്ങൾ നടത്തിയിരുന്നയാളാണ് ശ്രീകുമാറെന്നും ഇയാൾ ബിജെപിയുടെ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റാണെന്നും നാട്ടുകാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.