മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു
1430044
Tuesday, June 18, 2024 11:36 PM IST
അന്പലപ്പുഴ: എച്ച് സലാം എംഎൽഎയുടെ "പൊൻതിളക്കം" മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. സൈലത്തിന്റെ സഹകരണത്തോടെ നടത്തിയ അവാർഡ് വിതരണം പ്രശസ്ത മജീഷ്യനും മോട്ടിവേറ്ററുമായ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.
23-സ്കൂളുകളിൽനിന്ന് എസ്എസ്എൽസി, പ്ലസ്ടു വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയവരെയും സിവിൽ സർവീസിലും മെഡിസിനിലും മികച്ച വിജയം നേടിയവരുമുൾപ്പടെ 700 ഓളം കുട്ടികളെയാണ് അനുമോദിച്ചത്. നൂറു ശതമാനം വിജയം കൈവരിച്ച സ്കൂളുകളെയും മുതുകാട് ആദരിച്ചു.
വണ്ടാനം ഗവ. ടിഡി ഗവ. മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അവാർഡ് വിതരണ സമ്മേളനത്തിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി. വിദ്യാഭ്യാസ മേഖലയിൽ അങ്കണവാടി മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്തുവരെ മികച്ച പരിഗണനയാണ് മണ്ഡലത്തിൽ നൽകുന്നതെന്ന് എച്ച് സലാം പറഞ്ഞു.
കളക്ടർ അലക്സ് വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സജിത സതീശൻ, എ.എസ്. സുദർശനൻ, നഗരസഭാ വൈസ് ചെയർമാൻ പി.എസ്. എം. ഹുസൈൻ, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, അമ്പലപ്പുഴ എഇഒ സുമാദേവി, സൈലം കോട്ടയം സെന്റർ ഹെഡ് കെ.എസ്. അഭിലാഷ്, അക്കാഡമിക് കോ-ഓർഡിനേറ്റർ ജിഷ്ണു സന്തോഷ്, റീജണൽ മാനേജർ ബി. അരുൺ, ടീം ലീഡർ കെ.ആർ. മനു, പി.കെ. ഉമാനാഥ്, പുന്നപ്ര ജ്യോതികുമാർ, ബി. അൻസാരി, എ. ഓമനക്കുട്ടൻ, ജനപ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.