കുട്ടനാട്ടിൽ കാർഷിക സമ്പ്രദായപരിശീലനം: ക്രിസ് - ഇൻഫാം മുന്നിട്ടിറങ്ങുന്നു
1430009
Tuesday, June 18, 2024 10:15 PM IST
ആലപ്പുഴ: കുട്ടനാട്ടിൽ നല്ല കാർഷിക സമ്പ്രദായപരിശീലനവുമായി ക്രിസ് - ഇൻഫാം മുന്നിട്ട് ഇറങ്ങുവാൻ തയാറാണെന്നു മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രവുമായി സഹകരിച്ചു കർഷക പരിശീലനവുമായി ക്രിസ് - ഇൻഫാം മുന്നോട്ട് വരുന്നുവെന്നും സർക്കാരുമായി യോജിച്ചു പ്രവർത്തിച്ച് ഗുഡ് അഗ്രിക്കൾച്ചർ പ്രാക്ടീസ് കുട്ടനാട്ടിൽ പ്രാവർത്തികമാക്കിയാൽ പുതിയ കാർഷികവിപ്ലവം സാധ്യമാക്കാൻ കഴിയുമെന്നും മാമ്പുഴക്കരി ക്രിസ് സെന്ററിൽ കൂടിയ ക്രിസ് -ഇൻഫാം പ്രവർത്തക സമിതിയുടെ യോഗം ഉദ്ഘാടനം ചെയ്തു മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ പറഞ്ഞു.
26ന് ആരംഭിക്കുന്ന പ്രാരംഭ ക്ലാസിൽ ആദ്യം അപേക്ഷ നൽകുന്ന 70 പേർക്ക് പ്രവേശനം നൽകും. തുടർന്ന് മൂന്നു മാസങ്ങളിൽ ഒന്നും മൂന്നും ചൊവ്വാഴ്ചകളിൽ ആറു ക്ലാസുകൾകൂടി ഇതിൽ പങ്കെടുക്കുന്നവർക്കായി ഒരുക്കും. വിത മുതൽ കൊയ്ത്തുവരെയുള്ള നല്ല കൃഷി സമ്പ്രദായങ്ങൾ ഈ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നാല് ഏക്കർ എങ്കിലും കൃഷി ചെയ്യുന്ന കർഷകർക്ക് അപേക്ഷിക്കാം. ഡയറക്ടർ ഫാ. തോമസ് താന്നിയത്ത് അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. സോണി പള്ളിച്ചിറ,പിആർ ഒ ടോം ജോസഫ് ചമ്പക്കുളം, ഡോ. സേവിച്ചൻ പി.ജെ., ജോർജ് വാച്ചാപറമ്പിൽ, വർഗീസ് എം.കെ., സി.ടി. തോമസ്, ഷാജി ഉപ്പൂട്ടിൽ, ജോസി ഡോമിനിക് തുടങ്ങിയവർ പ്രസംഗിച്ചു.