കൃഷി റെജീനയ്ക്ക് ജീവനാണ്, ജീവവായുവാണ്
1429813
Sunday, June 16, 2024 11:23 PM IST
ദേവരാജന്‍ പൂച്ചാക്കല്‍
പൂച്ചാക്കല്‍: ജീവിതത്തോടൊപ്പം കൃഷി ചെയ്യുകയാണ് പലരും ചെയ്യുന്നത് എന്നാല്‍, കൃഷിയാണ് ജീവിതം എന്ന ലഹരിയിലാണ് രജീന ജീവിക്കുന്നത്. നമ്മള് കഴിക്കുന്ന ആഹാരപദാര്‍ഥങ്ങള്‍ ഭൂരിഭാഗവും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആരോഗ്യത്തിന് ഹാനികരമാണ്. ആഹാരം ഔഷധം ആകണമെന്നാണ്. ഒട്ടനവധി കാരണങ്ങളാല്‍ നാം കഴിക്കുന്ന ആഹാരം നമ്മുടെ ആരോഗ്യം ഇല്ലാതാക്കി രോഗത്തിലേക്കു നയിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.
സ്വന്തമായി കൃഷി ചെയ്യുക എന്നതാണ് ഏക പരിഹാരം. കൃഷി എന്ന ജീവിത ലഹരിയിലൂടെ മുന്നേറുന്ന നേര്‍ക്കാഴ്ചയാണ് റെജീന സലീമിന്റെ കാര്‍ഷികവൃത്തിക്ക് ആധാരം, വീട്ടിലേക്കാവശ്യമായ പച്ചക്കറി വിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്നതോടൊപ്പം, പച്ചക്കറിത്തൈ ഉത്പാദനവും, സംയോജിത കൃഷിയും വഴി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മാസവരുമാനം ലഭിക്കുന്നുയെന്നു അഭിമാനപൂര്‍വം റെജീന പറയുമ്പോള്‍, മനസുവച്ചാല്‍ ജീവിക്കാന്‍ കാര്‍ഷികവൃത്തി വൈറ്റ് കോളര്‍ ജോലിയേക്കാള്‍ മികച്ചതെന്ന് അടിവരയിട്ടു പറയാം.
അതുവഴി ഒരു ദോഷമില്ലാത്ത കൃഷി ലഹരിയുടെ ആനന്ദനിര്വൃത്തിയില് ആറാടാം. അതറിയണമെങ്കില്‍ മനസറിഞ്ഞു കൃഷി ചെയ്യണം.
തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തില്‍ പാണാവള്ളി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ മുല്ലേപറമ്പില് റജീന സലിം ഒരു മുഴുനീള കര്‍ഷകയാണ്. സ്വന്തമായുള്ള 50 സെന്റ് പുരയിടത്തിലും, പാട്ടത്തിനെടുത്ത 50 സെന്റ് പുരയിടത്തിലും ചേര്‍ന്ന് ഒരു ഏക്കറിലാണ് കൃഷി. തെങ്ങ്, കവുങ്ങ്, ജാതി, പപ്പായ, സീതപ്പഴം, സപ്പോട്ട തുടങ്ങിയ ഫലവൃക്ഷങ്ങള്‍ക്കൊപ്പം പലവിധ പച്ചക്കറികള്‍, വാഴ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, വിവിധ വര്‍ണത്തിലുള്ള പൂച്ചെടികളും അലങ്കാരച്ചെടികളും, കോഴി, ആട്, വെച്ചുര്‍ പശു, മണ്ണിര കമ്പോസ്റ്റ് ഉത്പാദനം, മത്സ്യക്കൃഷി അങ്ങനെ ഒന്നു മറ്റൊന്നിന് പ്രയോജനപ്പെടുന്ന രീതിയില്‍, സമൃദ്ധിയുടെ നിറക്കാഴ്ച ഒരുക്കിയിരിക്കുന്നു. ഒപ്പം കൃഷിഭവന്‍വഴി ലഭിച്ച രണ്ടു മഴമറകളും. മഴമറയില്‍ പ്രധാനമായും പച്ചക്കറിത്തൈ ഉത്പാദനമാണ്.
മൂന്നു ലക്ഷത്തിലധികം തൈകളാണ് വര്‍ഷത്തില്‍ ഉല്പാദിപ്പിക്കുന്നത്. ഗുണനിലവാരം മികച്ചതായതിനാല്‍ ആവശ്യക്കാരേറെയാണ്. കൃഷിഭവന്‍വഴി ലഭിച്ചുകൊണ്ടിരിക്കുന്ന വിവിധ പരിശീലന പഠനയാത്ര വഴി സിദ്ധിച്ച കാര്‍ഷിക അറിവുകളാണ് വീട്ടമ്മയായ തന്നെ കൃഷിലഹരിയില് എത്തിച്ചത്.