പ്രളയത്തിൽനിന്നു പാഠം പഠിച്ചില്ല: വെള്ളക്കെട്ടിനു കാരണം നിലംനികത്തൽ
1424662
Friday, May 24, 2024 10:58 PM IST
ചെങ്ങന്നൂർ: അനധികൃത ഭൂമിനികത്തൽ സംബന്ധിച്ച് റവന്യു വകുപ്പിലേക്കു പരാതി പ്രവാഹം. വർഷകാലത്ത് വെള്ളക്കെട്ടിനു പ്രധാന കാരണങ്ങളിലൊന്നായി കണ്ടെത്തിയിരിക്കുന്നത് വൻതോതിലുള്ള നിലം നികത്തലാണ്. കാലവർഷകാലത്ത് ഏറ്റവുമാദ്യം വെള്ളം കയറുന്ന തിരുവൻവണ്ടൂർ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ നികത്തലുകൾ നടക്കുന്നതെന്നാണ് പഞ്ചായത്ത്, റവന്യു അധികാരികൾ ചൂണ്ടിക്കാട്ടുന്നത്.
തെരഞ്ഞടുപ്പിന്റെ തിരക്കിന്റെ മറവിൽ താലൂക്കിൽ നടന്ന പതിനൊന്ന് നികത്തലുകളാണ് റവന്യുവകുപ്പ് ഇതുവരെ കണ്ടെത്തിയത്. ഇതിന്റെ തുടർ നടപടികളെടുക്കാൻ കളക്ടർ ഹിയറിംഗിനായി വച്ചിരിക്കുകയാണ്.
ഒരു തരത്തിലുമുള്ള അനുമതിയും വാങ്ങാതെയാണ് നിലം, ഭൂമി നികത്തൽ നടന്നതെന്നാണ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്.
വീടുവയ്ക്കാൻ മറ്റൊരു ഭൂമിയില്ലെങ്കിൽ മാത്രമേ അഞ്ചു സെന്റ് നികത്താൻ അനുമതി കൊടുക്കുകയുള്ളു എന്ന ചട്ടം നിലനിൽക്കുമ്പോഴാണ് വൻതോതിൽ നികത്തൽ നടക്കുന്നത്.
തരം മാറ്റിക്കിട്ടുന്ന ഭൂമി റോഡുനിരപ്പിലോ അതിനു മുകളിലോ മണ്ണിട്ടു നികത്തിപുരയിടമാക്കുക മാത്രമല്ല ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുന്നതും വെള്ളം ഒഴുകിപ്പോക്കുന്നതിനു തടസമാകുന്നുണ്ട്. ഇതുമൂലം സ്വാഭാവിക നീരൊഴുക്കാണ് തടസപ്പെടുന്നത്. നദികൾ കരകവിഞ്ഞൊഴുകുന്ന വെള്ളംകൂടി എത്തുന്നതോടെ വലിയ വെള്ളക്കെട്ടായി മാറുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.