ആകാശപ്പാതാ നിർമാണം; സുരക്ഷയൊരുക്കാതെ പൂജ നടത്തി നിർമാണക്കമ്പനി
1424484
Thursday, May 23, 2024 11:18 PM IST
തുറവൂർ: അരൂർ- തുറവൂർ ആകാശപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കാതെ മരണത്തിന്റെ പേരിൽ പൂജ നടത്തി രക്ഷപ്പെടാൻ നിർമാണക്കമ്പനിയുടെ നീക്കം. ആകാശപ്പാത നിർമാണം ആരംഭിച്ചതിനുശേഷം കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ 25 ലധികം ആളുകളാണ് ഇവിടെ അപകടത്തിൽപ്പെട്ട് മരണമടഞ്ഞത്. കൂടുതലും റോഡപകടത്തിലാണ് മരണം.
ഇതിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞദിവസം ലക്ഷങ്ങൾ മുടക്കി നിർമാണക്കമ്പനി പൂജ നടത്തിയത്. എന്നാൽ, റോഡിന്റെ ഗതാഗതത്തിനാവശ്യമായിട്ടുള്ള സുരക്ഷാസംവിധാനങ്ങൾ ഒരുക്കാതെ പൂജ നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
നിലവിലെ റോഡിന് വീതികൂട്ടി ടാർ ചെയ്യണമെന്ന് നിർദേശം ഉണ്ടായിരുന്നുവെങ്കിലും ഇത് ഒരു സ്ഥലത്തും പ്രാവർത്തികമാക്കിയിട്ടില്ല. കൂടാതെ അശാസ്ത്രീയമായി ഡിവൈഡറുകളും മറ്റും സ്ഥാപിച്ചിരിക്കുന്നത് അപകടങ്ങൾ വർധിക്കാൻ കാരണമാണ്. ആവശ്യമായ സ്ഥലങ്ങളിൽ ഗതാഗതനിയന്ത്രണത്തിന് ജീവനക്കാരെ നിയമിക്കുമെന്നും നിർമാണക്കമ്പനി പ്രഖ്യാപിച്ചുവെങ്കിലും ഒരു സ്ഥലത്തും ആരെയും നിയമിച്ചിട്ടില്ല.
ആകാശപ്പാത നിർമിക്കുന്ന സ്ഥലങ്ങളിൽ നിലവിലെ റോഡ് വീതികൂട്ടി ടാർ ചെയ്യാത്തതാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകാൻ കാരണം. തുറവൂർ മേഖലയിൽ റോഡിന്റെ ഇരുവശങ്ങളിലും വൻ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് അപകടങ്ങൾ വർധിക്കുന്നതിനു കാരണമായിട്ടുണ്ട്. അരൂർ മുതൽ തുറവൂർ വരെ ദേശീയപാതയുടെ ഇരുഭാഗങ്ങളിലും ഒരു മഴപെയ്തപ്പോൾ തന്നെ വൻ ഗർത്തങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതുമൂലം ഗതാഗതതടസവും രൂക്ഷമായിരിക്കുകയാണ്.
ഇതെല്ലാം മറച്ചുവച്ചാണ് പൂജ നടത്തി രക്ഷപ്പെടാനുള്ള നിർമാണക്കമ്പനിയുടെ നീക്കം എന്നാണ് നാട്ടുകാരുടെ ആരോപണം. ദേശീയപാത നിര്‍മാണ മേഖലയില്‍ അപകടമൊഴിവാക്കാന്‍ കഴിഞ്ഞ ദിവസമാണ് പൂജ നടത്തിയത്. ഉയരപ്പാത നിര്‍മാണ മേഖലയിലാണ് പ്രത്യേക പന്തല്‍ കെട്ടി രണ്ടുദിവസത്തെ പൂജ. നിര്‍മാണ മേഖലയില്‍ ഒന്നേകാല്‍ വര്‍ഷത്തിനിടെ വാഹന അപകടങ്ങളില്‍ 25 പേര് മരിച്ചിരുന്നു. കൂടാതെ മൂന്നു നിര്‍മാണത്തൊഴിലാളികളും മരിച്ചിരുന്നു. ഇതോടെ തൊഴിലാളികളുടെ ആവശ്യപ്രകാരമാണ് പൂജയെന്നാണ് വിശദീകരണം. ഉയരപ്പാത നിര്‍മാണ മേഖലയില്‍ ആയിരത്തോളം അതിഥിത്തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.