കൊച്ചാലുംമൂട്ടിലെ കൊടുംവളവിൽ അപകടങ്ങൾ തുടർക്കഥ
1423612
Sunday, May 19, 2024 11:04 PM IST
മാങ്കാംകുഴി: മാവേലിക്കര -പന്തളം റോഡില്‍ കൊച്ചാലുംമൂട് ജംഗ്ഷന് പടിഞ്ഞാറു ഭാഗത്തെ കൊടും വളവില്‍ അപകടം വര്‍ധിച്ചിട്ടും നടപടി സ്വീകരിക്കാത്തതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. പന്തളം -മാവേലിക്കര റോഡ് നവീകരണത്തിന്റെ ഭാഗമായി വീതി കൂട്ടി ടാറിംഗ് പൂര്‍ത്തിയാക്കിയെങ്കിലും കൊച്ചാലുംമൂട്ടിലെ കൊടും വളവില്‍ റോഡിന് മതിയായ വീതിയില്ലാത്തതാണ് പ്രധാന പ്രശ്നം.
വീതി കുറഞ്ഞ വളവില്‍ റോഡിന്റെ ഇരു വശങ്ങളിലും ഇരുമ്പ് പൈപ്പില്‍ സ്ഥാപിച്ച സംരക്ഷണ വേലികളിലാണ് ഇപ്പോള്‍ വാഹനങ്ങള്‍ ഇടിച്ചുകയറുന്നത്. കഴിഞ്ഞ ദിവസം തുടര്‍ച്ചയായി രണ്ടു വാഹനാപകടങ്ങള്‍ ഇവിടെ നടന്നു. ബൈക്കുകള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. മറ്റൊരു അപകടത്തില്‍ നിയന്ത്രണംവിട്ട കാര്‍ സൈക്കിളില്‍ ഇടിച്ച് അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. കാര്‍ റോഡിന് സമീപത്തെ സംരക്ഷണവേലി ഇടിച്ചു തകര്‍ത്താണ് നിന്നത്.
കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ നിരവധി വാഹനാപകടങ്ങളാണ് ഇവിടെ നടന്നത്.
അപകടം വര്‍ധിച്ചതോടെ സമീപത്തെ വ്യാപാരികളും ഭീതിയിലാണ്. വീതി കുറഞ്ഞ വളവില്‍ വാഹനം നിയന്ത്രണം വിട്ട് സംരക്ഷണവേലി തകര്‍ത്ത് അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
അപകടങ്ങള്‍ക്ക് കാരണം റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയും വാഹനങ്ങളുടെ അമിത വേഗവുമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കാല്‍നടയാത്രക്കാരും ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. അപകടം നിയന്ത്രിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.