വീടു കുത്തിത്തുറന്നു മോഷണശ്രമം: അയൽവാസിയായ യുവാവ് പിടിയില്‍
1422960
Thursday, May 16, 2024 11:47 PM IST
ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഉമയാറ്റുകര ഭാഗത്ത് വീടിന്റെ ജനല്‍ ആയുധമുപയോഗിച്ച് കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ അയല്‍വാസിയായ യുവാവ് പിടിയിലായി. തിരുവന്‍വണ്ടൂര്‍ ഉമയാറ്റുകര കരിക്കാലക്കുഴിയില് സുരേഷ് (സുധീര്‍ - 24) ആണ് പിടിയിലായത്.
ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ ചെങ്ങന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഒളിവു ജീവിതത്തിനിടെ പിടിയിലായത്. അന്വേഷണങ്ങളിലും സ്ഥലത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍നിന്നും കൃത്യം നടന്ന വീടിന്റെ അയല്പക്കത്തു തന്നെയുള്ള സുരേഷ് ആണ് പ്രതിയെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.
എന്നാല്‍, കൃത്യത്തിനു ശേഷം പ്രതി ഒളിവില്‍ പോയിരുന്നതിനാല്‍ പിടികൂടാനായില്ല. തുടര്‍ന്ന് നടത്തിവന്ന അന്വേഷണത്തിനിടെ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു.
പ്രതിക്കു വീടിനുള്ളില്‍ കടക്കാന്‍ കഴിയാതിരുന്നതിനാല്‍ ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. ചെങ്ങന്നൂര്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ദേവരാജന്റെ നേതൃത്വത്തില്‍ എസ്ഐമാരായ വിനോജ്, അസീസ്, സിപിഒമാരായ രതീഷ്, ജിജോ സാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.